താര സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജ് പിൻമാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമർദേശ പത്രിക സമർപ്പിച്ചത്. കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ.

താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരും. മടുത്തിട്ടാണ് മോഹൻലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതെന്നും മല്ലിക പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി ബാബുരാജിനെതിരെ പരാതികളും വിവാദങ്ങളും വന്നതിന് പിന്നാലെയാണ് നാമനിർദേശ പത്രിക ബാബുരാജ് പിൻവലിച്ചത്. ഏറ്റവുമൊടുവിൽ സരിത എസ്. നായരുടെ പരാതിയും ബാബുരാജിനെതിരെ വന്നിരുന്നു. ഇത്തരം പരാതികൾ തന്നെ വേദനിപ്പിച്ചുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതുകൊണ്ടാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതെന്നും ബാബുരാജുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
