കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ വിവാദ പരാമർശം നടത്തി തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവാ മൊയ്ത്ര. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ തലവെട്ടി മേശപ്പുറത്തുവെക്കണമെന്ന് മൊയ്ത്ര പറഞ്ഞത്. വ്യാഴാഴ്ച പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മൊയ്ത്ര.

നാടിയ ജില്ലയിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മഹുവാ മൊയ്ത്ര. ഇതിനിടെയാണ് ഇവർ അമിത് ഷാക്കെതിരെ പരാമർശം നടത്തിയത്. ‘അതിർത്തിസുരക്ഷയെക്കുറിച്ചുള്ള ഉത്തരവാദിത്വങ്ങളിൽനിന്ന് കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുകയാണ്.
അതിർത്തികൾ സംരക്ഷിക്കാൻ ആരുമില്ലെങ്കിൽ, മറ്റൊരു രാജ്യത്തുനിന്നുള്ളവർ നമ്മുടെ നാട്ടിലേക്ക് കടന്നുവരുന്നെങ്കിൽ, നുഴഞ്ഞുകയറ്റക്കാർ നമ്മുടെ ഭൂമി തട്ടിയെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് അമിത് ഷായുടെ തലവെട്ടി നിങ്ങളുടെ മേശപ്പുറത്തുവെക്കുകയാണ്’എന്നാണ് മഹുവ പറഞ്ഞത്.
