തൃശൂര്‍: മുന്നില്‍ ഓടി പൊലീസുകാരി വഴിയൊരുക്കിയ ആംബുലന്‍സില്‍ രോഗിയുണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍.

മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് വാഹനവും ഡ്രൈവറെയും മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
ആ ദൃശ്യം കണ്ടപ്പോള്‍ തന്നെ അത് ഡ്രൈവറെടുത്തതാണെന്ന് സംശയം തോന്നിയിരുന്നെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അങ്ങനെ ഒരു ദൃശ്യം പകര്‍ത്താന്‍ ആംബുലന്‍സിലെ ഡ്രൈവര്‍ക്ക് മാത്രമേ പറ്റുമായിരുന്നുള്ളു. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിയമം. ആംബുലന്‍സില്‍ രോഗിയുണ്ടായിരുന്നില്ലെന്ന് വിശ്വസീനിയമായ വിവരവും ലഭിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് എംവിഡി ഉദ്യോഗസ്ഥന് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആംബുലന്‍സ് ഓടിച്ചതിലാണ് ഡ്രൈവര്‍ ഫൈസലിനെതിരെ ഗതാഗതവകുപ്പ് നിയമപ്രകാരം കേസ് എടുത്തിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.