പാലക്കാട്: വിവാദമായ മാറാട് പരാമര്‍ശത്തില്‍ ജമാഅത്തെ ഇസ്ലാമി അയച്ച വക്കീല്‍ നോട്ടീസിനോട് പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്‍. മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ മനസ്സില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു. ജയിലില്‍ പോകാനാണ് അന്തിമ വിധിയെങ്കില്‍ അത് സന്തോഷപൂര്‍വ്വം സ്വീകരിച്ച് ജയിലില്‍ പോകും. വിദ്യാര്‍ത്ഥി ജീവിതത്തില്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 30 ദിവസം ജയിലില്‍ കിടന്നയാളാണ് താന്‍.

എന്‍ജിഒ അധ്യാപക സമരവുമായി ബന്ധപ്പെട്ടും റിമാന്‍ഡിലായിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോഴുള്ള കേസില്‍ രണ്ടര വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു. മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിട്ടില്ല. കേസും കോടതിയും പുത്തരിയല്ലെന്നും എ കെ ബാലന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്ലാമിക്കായിരിക്കുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമായിരുന്നു എ കെ ബാലന്റെ വിവാദ പ്രസ്താവന. ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചത്.