തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മാധ്യമങ്ങളിലുടെ മാത്രമാണ് ഈ വാര്‍ത്ത അറിഞ്ഞത്. എന്നാല്‍ എന്നെ ആരും വിളിച്ചില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശി ഉണ്ടാക്കിയിട്ടുള്ള പുതിയ പണിയാണ് ഇപ്പോള്‍ നടന്നിട്ടുള്ളതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

എന്തായാലും തനിക്ക് ഒന്നും ഒളിച്ചുവെക്കാനോ മറച്ചുവെക്കാനോ ഇല്ല. ഏത് അവസരത്തില്‍ ആവശ്യപ്പെട്ടാലും എസ്ഐടിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറുമാണ്. ഏതെങ്കിലും അവസരത്തില്‍ എസ്ഐടി വിളിച്ചാല്‍, മാധ്യമങ്ങളെ കൂടി കൊണ്ടുവരാന്‍ അനുവദിക്കണണെന്ന് ആവശ്യപ്പെടും. അനുവദിച്ചില്ലെങ്കില്‍ ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ മാധ്യമങ്ങളെക്കൂടി അറിയിക്കുന്നതാണെന്നും അടൂര്‍ പ്രകാശ് അറിയിച്ചു.