അന്വേഷണ ഘട്ടത്തിലെ അവഗണിക്കാനാവാത്ത സാന്നിധ്യമായി മാറിയ സംവിധായകൻ ബാലചന്ദ്രകുമാർ വിധി കേൾക്കാൻ ഇല്ല. ബാലചന്ദ്രകുമാറിൻ്റെ നിർണ്ണായക വെളിപ്പെടുത്തലിനെ തുടർന്നാണ് കേസിൻ്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് നടത്തിയ ഗൂഢാലോചന പുറം ലോകം അറിഞ്ഞത് ബാലചന്ദ്രകുമാറിലൂടെയായിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിൻ്റെ കൈവശമുണ്ടെന്നും അന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.

2022 ഡിസംബർ 25 ആയിരുന്നു ബാലചന്ദ്രകുമാറിന്റെ നിർണായകമായ ആ വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തി എന്നതായിരുന്നു അത്. 2017 നവംബർ 15ന് ആദ്യ കേസിൽ ജാമ്യം ലഭിച്ച് ദിലീപ് പുറത്തിറങ്ങിയ ഉടനെ ആയിരുന്നു നീക്കം. ദിലീപിൻറെ ആലുവയിലെ വീടായ പത്മസരോവരത്തിൽ വച്ച് സഹോദരൻ അടക്കമുള്ള ചിലരുമായി ചേർന്നായിരുന്നു ദിലീപിൻ്റെ ഗൂഢാലോചന.
അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി, കെ എസ് സുദർശന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി ബാലചന്ദ്രകുമാർ പോലീസ് ഉദ്യോഗസ്ഥർ മുമ്പാകെ മൊഴി നൽകി. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്നും അക്കാര്യം തനിക്കറിയാമെന്ന് ബാലചന്ദ്രകുമാർ അന്ന് വെളിപ്പെടുത്തി. ശബ്ദരേഖ, ഫോൺ സംഭാഷണം തുടങ്ങിയവ ശേഖരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഫോണുകൾ അന്വേഷണസംഘം ഹൈക്കോടതിയിൽ ഹാജരാക്കി. ദിലീപിന്റെ നിർണായക ഓഡിയോ സന്ദേശം ബാലചന്ദ്രകുമാർ പോലീസിന് കൈമാറി.

ഇതിനിടെ ദിലീപും സഹോദരൻ അനൂപും ചില ഫോണുകൾ മുക്കി എന്ന് കണ്ടെത്തി. സറണ്ടർ ചെയ്ത ഫോണുകളിൽ നിന്നും തെളിവുകൾ നശിപ്പിച്ചിരുന്നതായും വ്യക്തമായി. ദിലീപ്, കാവ്യാമാധവൻ, സഹോദരൻ അനൂപ് സഹോദരി ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു, ദിലീപിന്റെ കമ്പനിയിലെ ജീവനക്കാർ എന്നിവരെ ഗൂഢാലോചന കേസിൽ പോലീസ് നിരവധി തവണ ചോദ്യം ചെയ്തു. ഈ കേസിൽ കർശന ഉപാധികളുടെയാണ് ഹൈക്കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചത്.