കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍.

കോടതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, നിരപരാധിയാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. താന്‍ ജോലിക്ക് പോയി ലഭിക്കുന്ന പണം കൊണ്ടാണ് വൃദ്ധരായ അച്ഛനും അമ്മയും കഴിയുന്നതെന്നും മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞു.
നടിയെ തൃശൂരിലെ വീട്ടില്‍ നിന്നും കൊച്ചിയിലെത്തിച്ച എസ് യു വി വാഹനം ഓടിച്ചത് മാര്‍ട്ടിന്‍ ആന്റണിയാണ്. വീട്ടില്‍ അമ്മ മാത്രമേയുള്ളൂവെന്നാണ് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പറഞ്ഞു. അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണ്. അതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്നും പള്‍സര്‍ സുനി കോടതിയില്‍ ആവശ്യപ്പെട്ടു. താന്‍ മനസ്സറിഞ്ഞ് ഒരു തെറ്റു ചെയ്തിട്ടില്ലെന്ന് കേസില്‍ മൂന്നാം പ്രതിയായ മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞു.

ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അവര്‍ക്ക് താന്‍ മാത്രമാണ് ആശ്രയം. അതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്നും മണികണ്ഠന്‍ അപേക്ഷിച്ചു. പള്‍സര്‍ സുനി നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ മണികണ്ഠനായിരുന്നു ഡ്രൈവിങ്ങ് സീറ്റിലുണ്ടായിരുന്നത്. കുറഞ്ഞ ശിക്ഷ നല്‍കണമെന്നും, തന്റെ നാട് കണ്ണൂരിലായതിനാല്‍ തലശ്ശേരി ജയിലിലേക്ക് അയക്കണമെന്നും പ്രതി വിജീഷ് കോടതിയോട് ആവശ്യപ്പെട്ടു. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അഞ്ചാം പ്രതി വടിവാള്‍ സലിം പറഞ്ഞു.