കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ സനൽകുമാറിനെ ഹാജരാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് സനൽകുമാറിനെ മുംബൈയിൽ നിന്ന് എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്.
തുടർന്ന് സനൽകുമാറിനെ കൊച്ചിയിൽ എത്തിക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.

സനൽകുമാറിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപവാദ പ്രചാരണം നടത്തൽ, വ്യാജശബ്ദസന്ദേശം പ്രചരിപ്പിക്കൽ തുടങ്ങിയ പരാതികളാണ് സംവിധായകനെതിരെ നടി നൽകിയിട്ടുള്ളത്.