കുഴിത്തുറ: മാർത്താണ്ഡം മേല്പാലത്തിൽ ശനിയാഴ്ച രാവിലെ 7.30 ഓടെ സംഭവിച്ച വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ സഹോദങ്ങൾക്ക് ദാരുണാന്ത്യം. രഞ്ജിത് കുമാർ (24),രമ്യ (22) എന്നിവരാണ് മരിച്ചത്. പയറ്റുവിള, കൊല്ലക്കോണം ചരുവിള കിഴക്കരുവീട്ടിൽ വിജയകുമാറിന്റെയും റിഷയുടെയും മക്കളാണ്.

ശനിയാഴ്ച രാവിലെ 7.30- ഓടെ ഇരുവരും ജോലിക്കായി വീട്ടിൽനിന്ന് ബൈക്കിൽ പുറപ്പെട്ടപ്പോൾ, എതിര്‍വശത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ പ്രഭാവത്തിൽ ഇരുവരും ബൈക്കിനൊപ്പം 30 അടി താഴ്ചയിൽ താഴേക്ക് വീണു.
രഞ്ജിത് സംഭവസ്ഥലത്തിൽ തന്നെ മരിച്ചു. രമ്യയെ ആദ്യം കുഴിത്തുറ സർക്കാർ ആശുപത്രിയിലേക്കും പിന്നീട് നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ച വിപിൻ ജോയ്ക്കും (34) ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രഞ്ജിത് കുമാർ മാർത്താണ്ഡത്തിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ കമ്പനിയിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുകയായിരുന്നു. രമ്യ പള്ളിയാടിയിലെ സ്വകാര്യ ആശുപത്രിയിൽ റേഡിയോളജിയിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു. വൈകുന്നേരം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾ മൃതദേഹങ്ങൾ ഏറ്റെടുത്തു. മാർത്താണ്ഡം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.