തിരുവനന്തപുരം: ആറ്റിങ്ങലിലുണ്ടായ ബൈക്ക് അപകടത്തിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മുദാക്കൽ സ്വദേശികളായ അമൽ (21), അഖിൽ (18) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് റോഡരികിലെ ഓടയിൽ നിന്ന് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാകാം അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഇരുവരും ഓടയിലെ സ്ലാബിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സ്ലാബിനടിയിൽ പെട്ടുപോയതിനാൽ രാത്രിയിൽ അപകടം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഇന്ന് രാവിലെ പ്രദേശവാസികളാണ് അപകടവിവരം ആദ്യം അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.