എടത്വ: ഭർത്താവിനൊപ്പം ബൈക്കിൽ പോയ യുവതിക്ക് കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ട് ദാരുണാന്ത്യം. തലവടി ആനപ്രമ്പാൽതെക്ക് കണിച്ചേരിൽ മെറീന റെജിയാണ് (24) മരിച്ചത്. ഇന്ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് യുവതിക്ക് ജീവൻ നഷ്ടമായത്. കൊച്ചി അമൃത ആശുപത്രിയിൽ നഴ്സായ മെറീന ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു ഭർത്താവിനൊപ്പം ബൈക്കിൽ പോകവെയാണ് അപകടത്തിൽപെട്ടത്.

ഇന്നലെ രാത്രി എട്ടു മണിയോടെ അമ്പലപ്പുഴ–തിരുവല്ല സംസ്ഥാന പാതയിൽ തകഴി കേളമംഗലം മുട്ടേൽ കലുങ്കിനു സമീപമായിരുന്നു അപകടം. ബൈക്ക് ബസിനെ മറികടക്കുന്നതിനിടയിൽ ബസ് വലത്തോട്ട് നീങ്ങുകയായിരുന്നു.
ഇതോടെ ബസ് ഹാൻഡിലിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു. ബൈക്കുമായി 10 മീറ്ററോളം മുന്നോട്ടുപോയശേഷമാണ് ബസ് നിന്നത്. ബൈക്കിൽ നിന്നു താഴെവീണ മെറീന ബസിന്റെ ടയറിനടിയിൽ പെടുകയായിരുന്നു.

അപകട ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. റാന്നി സ്വദേശിയായ മെറീന ജോലി കഴിഞ്ഞ് കൊച്ചിയിൽനിന്ന് ട്രെയിനിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്ന് അവിടെ നിന്ന് ഭർത്താവ് ഷാനോയ്ക്കൊപ്പം ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഷാനോയിയെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.