ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. തെലങ്കാന ജങ്കാവ് ജില്ലക്കാരിയായ സഹജ റെഡ്ഡി ഉദുമല എന്ന 24കാരിയാണ് മരിച്ചത്. ന്യൂയോർക്കിലെ അല്‍ബാനിയിൽ വീട്ടിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായത്. അയല്‍പക്കത്തെ കെട്ടിടത്തിലുണ്ടായ തീ പെട്ടെന്ന് സഹജ താമസിച്ച കെട്ടിടത്തിലേക്ക് പടരുകയായിരുന്നു.

എന്നാൽ ഈ സമയം ഉറക്കത്തിലായതിനാല്‍ യുവതിക്ക് പെട്ടെന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. സഹജയ്ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ന്യൂയോർക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ എക്‌സില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. ഹൈദരാബാദില്‍ ടിസിഎസില്‍ ജീവനക്കാരനായ ഉദുമുല ജയകർ റെഡ്ഡി, സർക്കാർ പ്രൈമറി സ്കൂള്‍ അധ്യാപികയായ ഗോപുമാരിയ ഷൈലജ ദമ്പതികളുടെ മൂത്ത മകളാണ് സഹജ റെഡ്ഡി.
2021ല്‍ ഉന്നത പഠനത്തിനായാണ് യുവതി അമേരിക്കയിലെത്തിയത്. പഠനം പൂർത്തിയാക്കി മകള്‍ വൈകാതെ വീട്ടിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ കഴിയുന്നതിനിടെയാണ് സഹജയുടെ മരണവിവരം കുടുംബം അറിയുന്നത്.

യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാദ്ധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചു.