ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകാന്‍ നിലവിലെ ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്കായി വന്‍ സമ്മര്‍ദം.

30 യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും മൂന്ന് ജില്ലാ അധ്യക്ഷന്മാരും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. സമുദായ സന്തുലിതത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് രണ്ടാമതെത്തിയ അബിന്‍ വര്‍ക്കിയെ പരിഗണിക്കണമെന്നാണ് ആവശ്യം.
ചെരുപ്പിനൊത്ത് പാദം മുറിക്കരുത് എന്നും നേതാക്കള്‍ കത്തില്‍ പറഞ്ഞു. അതേസമയം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവരെ അധ്യക്ഷനായി പരിഗണിക്കരുതെന്നാണ് ആവശ്യം.
