അടൂർ: മാനഹാനിയുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഐ മുൻ ജില്ലാ സെക്രട്ടറി എ.പി. ജയൻ വക്കീൽ നോട്ടീസ് നൽകി.

നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം നിരുപാധികം ഖേദം പ്രകടിപ്പിക്കുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം.
വെള്ളിയാഴ്ച പള്ളിക്കൽ പഞ്ചായത്തിലെ പാറയിൽ ജങ്ഷനിൽ നടന്ന യുഡിഎഫ് സ്ഥാനാർഥികളുടെ സ്വീകരണ ചടങ്ങിൽ ശ്രീനാദേവി നടത്തിയ പ്രസംഗമാണ് പരാതിക്ക് ആധാരം.

പ്രസംഗത്തിൽ സിപിഐ, അതിലെ നേതാക്കൾ, എ.പി. ജയൻ എന്നിവരെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തി എന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്. സ്ഥാനാർഥിയുടെ ഈ പ്രസംഗം തനിക്ക് വലിയ മാനഹാനി വരുത്തിയതായി എ.പി. ജയൻ ചൂണ്ടിക്കാട്ടി.