തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ സർക്കാരിനെ പ്രതിരോധത്തിലാക്കി തിരുപ്പറങ്കുണ്ടരം കാർത്തിക മഹാദീപം വിവാദം. സുപ്രീം കോടതി ഉത്തരവിട്ടിട്ടും മലമുകളിലെ വിവാദ ദീപത്തൂണിൽ ദീപം തെളിയിക്കാത്തതിനെച്ചൊല്ലിയാണ് പുതിയ രാഷ്ട്രീയ-മത വിവാദം ശക്തമായത്.
എന്താണ് തിരുപ്പറങ്കുണ്ടരത്തെ വിവാദം

മധുരയ്ക്കടുത്ത് തിരുപ്പറങ്കുണ്ടരം മുരുകൻ ക്ഷേത്രവുമായി ബന്ധപ്പെട്ട മലമുകളിലാണ് തർക്കം നിലനിൽക്കുന്നത് കാർത്തിക ദീപത്തോടനുബന്ധിച്ച് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് ദീപമണ്ഡപത്തിലാണ് വർഷങ്ങളായി ദീപം തെളിയിക്കുന്നത്. എന്നാൽ മലമുകളിലുള്ള കൽത്തൂണിലും ദീപം തെളിയിക്കണമെന്ന ആവശ്യവുമായി ഭക്തരും ഹിന്ദു സംഘടനകളും രംഗത്തെത്തി.

നവംബർ 20-ന് സുപ്രീം കോടതി നവംബർ 24-ന് മലമുകളിലെ ദീപത്തൂണിൽ ഒരുതവണ ദീപം തെളിയിക്കാൻ ഇടക്കാല അനുമതി നൽകി. സുരക്ഷാ ക്രമീകരണങ്ങളോടെ അധികൃതർക്കും അംഗീകൃത വ്യക്തികൾക്കും മാത്രമായിരുന്നു പ്രവേശനം അനുവദിച്ചത്.എന്നാൽ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാരും ഹിന്ദു മതസ്ഥാപന വകുപ്പും പുനഃപരിശോധനാ ഹർജി നൽകി.
നവംബർ 24 വൈകിട്ട് ആറുമണിയോടെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പതിവ് സ്ഥലത്ത് അധികൃതർ കാർത്തിക മഹാദീപം തെളിയിച്ചു. സുപ്രീം കോടതി നിർദേശിച്ച ദീപത്തൂണിൽ ദീപം തെളിയിച്ചില്ല.അതേസമയം, പുനഃ പരിശോധനാ ഹർജി നിലവിലുണ്ടെന്ന് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള കരണമല്ലെന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് അന്ന് വ്യക്തമാക്കിയിരുന്നു.
പ്രതിഷേധക്കാർ ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടു.പ്രതിഷേധക്കാരെ തടയാൻ പോലീസ് ശ്രമിച്ചതോടെ ഉന്തുംതള്ളുമുണ്ടായി.
ചില പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.വനിതാ പ്രവർത്തകരെയും വനിതാ പോലീസുകാർ നീക്കം ചെയ്തു.പ്രദേശത്ത് നിരോധന ഉത്തരവുകളും കനത്ത സുരക്ഷയും ഏർപ്പെടുത്തി.അഞ്ചിലധികം ആയിരം പോലീസുകാരെയാണ് പ്രദേശത്ത് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്
സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തത് ഭരണഘടനാ സംവിധാനങ്ങളോടുള്ള അവഗണനയാണെന്ന് ബിജെപിയും ഹിന്ദു സംഘടനകളും ആരോപിക്കുന്നു. അതേസമയം, മതസൗഹാർദവും ക്രമസമാധാനവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് സർക്കാർ നിലപാടിന്റെ ഭാഗമായി ഉയർത്തിക്കാട്ടുന്നത്.
ഡിഎംകെ സർക്കാരിന്റെ നിലപാടിൽ നിന്ന് ടിവികെ സർക്കാർ മാറിയിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട നിയമപരമായ തുടർനടപടികളും തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതികരണങ്ങളും ഇനി നിർണായകമാകും.