India

ആരോഗ്യസംരക്ഷണത്തിന് ജന്മനാട്ടിൽ കാരുണ്യത്തിന്റെ കരസ്പർശമായി മാറിയിരിക്കുകയാണ് അമേരിക്കൻ മലയാളി ഡോ. ജോസഫ് കുര്യൻ ചെമ്പ്ലാവിൽ

കോട്ടയം :ആരോഗ്യസംരക്ഷണത്തിന് ജന്മനാട്ടിൽ കാരുണ്യത്തിന്റെ കരസ്പർശമായി മാറിയിരിക്കുകയാണ് അമേരിക്കൻ മലയാളി ഡോ. ജോസഫ് കുര്യൻ ചെമ്പ്ലാവിൽ:അമേരിക്കയിൽ നാല് പതിറ്റാണ്ടിലേറെക്കാലം ഹൃദ്രോഗ ചികിത്സാരംഗത്ത് പ്രവർത്തിച്ചു പ്രശസ്തിയാർജിച്ച ഏറ്റുമാനൂർ സ്വദേശിയായ ചെമ്പ്ലാവിൽ ഡോ. ജോസഫ് കുര്യൻ കോട്ടയം ജില്ലയുടെ ആരോഗ്യസുരക്ഷയ്ക്ക്‌ അദ്ദേഹത്തിന്റെ വലിയൊരു ദൗത്യം യാഥാർഥ്യമാക്കിയിരിക്കുകയാണ്.

പാലാ മുണ്ടുപാലത്തുള്ള പീറ്റർ ഫൗണ്ടേഷൻ ആർക്കേഡിൽ പ്രവർത്തനമാരംഭിച്ച അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായ MCMS (Mobile Cardio-Metabolic Screening) പ്രോജക്ട് ആരംഭിക്കുന്നതിനാവശ്യമായ മുഴുവൻ സ്പോൺസർഷിപ്പും ഡോ. ജോസഫ് കുര്യൻ ഏറ്റെടുത്തു. മൊബൈൽ ഹെൽത്ത് കാരവാൻ വഴി കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തി രക്ത-മൂത്ര പരിശോധനകളും മറ്റ് ആരോഗ്യ സ്ക്രീനിംഗ് ടെസ്റ്റുകളും ലാഭേച്ഛയില്ലാത്ത സേവനാടിസ്ഥാനത്തിൽ നടത്തും. സാധാരണ നിരക്കുകളേക്കാൾ 50 മുതൽ 90 ശതമാനം വരെ കുറഞ്ഞ നിരക്കിൽ വിവിധ ലാബ് പരിശോധനകൾ ജനങ്ങൾക്ക് ലഭ്യമാക്കും.

അമേരിക്കയിലെ പ്രമുഖ Non- Profit പ്രോഫിറ്റ് സന്നദ്ധ സംഘടനയായ കെയർ ആൻഡ് ഷെയറിന്റെ സഹകരണത്തോടെയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.കെയർ & ഷെയർ വഴിയാണ് ഫണ്ടിങ് സാധ്യമായത്. 1990ൽ സ്ഥാപിതമായ കെയർ &ഷെയർ ഏകദേശം 8മില്യൺ ഡോളറിന്റെ ജനോപകാരപ്രദമായ പദ്ധതികളാണ് കേരളത്തിൽ നടത്തിയത്. US ൽ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്ന Ashley A Elanjikal ആണ് പ്രസിഡന്റ്‌.

.കെയർ ആൻഡ് ഷെയർ ബോർഡ് മെമ്പറും പാലാ സ്വദേശിയുമായ ഷിബു പീറ്റർ വെട്ടുകല്ലേലാണ് പദ്ധതിയുടെ രൂപീകരണത്തിലും പ്രവർത്തനങ്ങളുടെ ഏകോപനത്തിലും നേതൃത്വം നൽകിയത്.രോഗസാധ്യതകൾ തുടക്കത്തിൽത്തന്നെ കണ്ടെത്തി ആവശ്യമായ തുടർചികിത്സയ്ക്ക് വഴിയൊരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഷിബു പീറ്റർ പറഞ്ഞു. സംഘടന കൾക്കും വ്യക്തികൾക്കും സ്പോൺസർഷിപ്പിലൂടെ ക്യാമ്പ് സംഘടിപ്പിക്കാവുന്നതാണ്.

ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഫാ. ജോയ് കൂത്തൂരിന്റെ നേതൃത്വത്തിലുള്ള തൃശൂർ ശാന്തിഭവൻ മെഡിക്കൽ സെന്ററിനാണ്. ഗുഡ് സമരിറ്റൻ മെഡിക്കൽ സെന്ററിന്റെ ഭാഗമായി പീറ്റർ ഫൗണ്ടേഷൻ ആർക്കഡിൽ അത്യാധുനിക ഫുള്ളി ഓട്ടോമേറ്റഡ് ലാബും സജ്ജീകരിച്ചിട്ടുണ്ട്.

ഡോ. ജോസഫ് കുര്യൻ ചെമ്പ്ലാവിൽ കോട്ടയം മെഡിക്കൽ കോളേജിലെ 1966 എംബിബിഎസ് ബാച്ച് അംഗമാണ്.
കേരളത്തിൽ ചെറുപ്പക്കാരുൾപ്പെടെ നിരവധി പേർ അപ്രതീക്ഷിതമായി കുഴഞ്ഞുവീണ് മരണപ്പെടുന്ന വാർത്തകൾ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. ഗുരുതരമായ രോഗങ്ങൾ ആരംഭത്തിൽത്തന്നെ കണ്ടെത്താനായാൽ ഇത്തരം അകാലമരണങ്ങൾ ഒരു പരിധിവരെയെങ്കിലും തടയാനാകുമെന്ന തന്റെ ദീർഘകാല ചികിത്സാനുഭവത്തിലൂടെയുള്ള തിരിച്ചറിവാണ് ഈ പദ്ധതിക്ക് പ്രചോദനമായത്.കോട്ടയം ജില്ലയിൽ ആരംഭിച്ച ഈ പ്രതിരോധ ആരോഗ്യപദ്ധതി ഭാവിയിൽ കേരളത്തിലെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ അദ്ദേഹം പരിശ്രമിക്കുന്നു.

“തന്റെ അറിവും അനുഭവസമ്പത്തും സമ്പാദ്യവും സഹജീവികളുടെ ആരോഗ്യത്തിനായി സമർപ്പിക്കുന്ന ഡോ. ജോസഫ് കുര്യൻ സമൂഹത്തിന് എന്നും പ്രചോദനമാകുകയാണ്” എന്ന് പദ്ധതി ഉദ്ഘാടനം നിർവഹിച്ച നിയമസഭ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

“ഒരു വ്യക്തിക്ക് നൽകുന്ന ചികിത്സ ഒരു ജീവിതത്തെ രക്ഷിച്ചേക്കാം: എന്നാൽ രോഗം നേരത്തേ കണ്ടെത്താനുള്ള ഒരു സംവിധാനം അനേകം ജീവിതങ്ങളെ രക്ഷിക്കാൻ സഹായിക്കുന്നു”ഈ വലിയ തിരിച്ചറിവാണ് ഡോ. ജോസഫ് കുര്യന്റെ സംഭാവനയെ ഇത്രയേറെ മഹത്തരമാക്കുന്നതെന്ന് ഷിബു പീറ്റർ വെട്ടുകല്ലേൽ അഭിപ്രായപെട്ടു.

ഡോ ജോസഫിന്റെ സ്വപ്ന പദ്ധതി തന്റെ നാട്ടിലെ സഹജീവികളോടുള്ള അദ്ദേഹത്തിന്റെ കരുതലിന്റെ പ്രതീകമാണ്” എന്ന് ഫാ. ജോയ് കുത്തൂർ പറഞ്ഞു. “പദ്ധതിക്കു സഹകരണ മേകികൊണ്ട് പാലാ മുൻ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററുടെ നേതൃത്വത്തിൽ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top