Kerala

സ്മാർട്ട് വാച്ചിന് തകരാർ സംഭവിച്ചിട്ടും വാറന്റി സേവനം നിഷേധിച്ച സാംസങ് കമ്പനിക്കും സർവീസ് സെന്ററിനും 58999 രൂപാ പിഴ വിധിച്ച്‌  ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 

മലപ്പുറം: സ്മാർട്ട് വാച്ചിന് തകരാർ സംഭവിച്ചിട്ടും വാറന്റി സേവനം നിഷേധിച്ച സാംസങ് കമ്പനിക്കും സർവീസ് സെന്ററിനും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നടപടി. മമ്പാട് സ്വദേശി ഷബീർ അലിക്ക് 58,999 രൂപ നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. രണ്ടുവർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഉപഭോക്താവിന് അനുകൂലമായ വിധി ലഭിച്ചത്.

2024 ജനുവരി മൂന്നിനാണ് 43,999 രൂപ വിലയുള്ള സാംസങ് ഗാലക്‌സി വാച്ച് 6 ക്ലാസിക് 47 എം.എം എൽ.ടി.ഇ ഷബീർ അലി വാങ്ങിയത്. എന്നാൽ ഉപയോഗത്തിനിടെ വാച്ച് ഇടയ്ക്കിടെ തനിയെ ഓഫാകുകയും വീണ്ടും ഓണാകുകയും ചെയ്യുന്ന തകരാർ അനുഭവപ്പെട്ടു. ഇതോടെ സർവീസ് സെന്ററിനെ സമീപിച്ചെങ്കിലും വാച്ചിനുള്ളിൽ വെള്ളം കയറിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി വാറന്റി സേവനം നൽകാൻ അധികൃതർ വിസമ്മതിച്ചു. ഇതിനെതിരെയാണ് 2024 ഡിസംബർ 31ന് ഷബീർ അലി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

ഇരുഭാഗങ്ങളുടെയും വാദങ്ങളും രേഖകളും പരിശോധിച്ച കമ്മീഷൻ വാച്ചിന്റെ വിലയായ 43,999 രൂപ പരാതിക്കാരന് തിരികെ നൽകാൻ സാംസങ് കമ്പനിക്ക് നിർദേശം നൽകി. കൂടാതെ, സർവീസ് സെന്ററും കമ്പനിയും ചേർന്ന് 10,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവായും നൽകണം. ഇതോടെ പരാതിക്കാരന് ആകെ ലഭിക്കുക 58,999 രൂപയാണ്. വിധി 45 ദിവസത്തിനകം നടപ്പാക്കണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും സി. പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായീൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിട്ടു. പരാതിക്കാരനുവേണ്ടി അഡ്വ. പി.കെ. ഷരീഫ് മമ്പാട് ഹാജരായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top