Kerala

അച്ഛൻ തെളിച്ച അടുപ്പിൽ വീണ്ടും തീപടർന്നു; ജയബാലകൃഷ്ണന്റെ തട്ടുകടയ്ക്ക് പുനർജന്മം:ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് എത്തിയ മകൾ ഭദ്രകീർത്തിയും ഇനി അമ്മയ്ക്ക് കരുത്താവും

കൊച്ചി: പ്രിയപ്പെട്ടവരുടെ കണ്ണീരിനൊപ്പം അച്ഛന്റെ ഓർമകളും സാക്ഷിയാക്കി ജയബാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു.ചേരാനല്ലൂരിൽ കാറിടിച്ച് മരിച്ച ജയബാലകൃഷ്ണൻ ഉപജീവനത്തിനായി നടത്തിയിരുന്ന തട്ടുകട കുടുംബാംഗങ്ങൾ ചേർന്നാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. അടുപ്പിലേക്ക് തീ കൊളുത്തിയപ്പോൾ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു. അച്ഛന്റെ വേർപാടിനുശേഷം ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് എത്തിയ മകൾ ഭദ്രകീർത്തിയും ഇനി അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം കടയുടെ ചുമതലയിൽ ഉണ്ടാകും.

ജയബാലകൃഷ്ണന്റെ മരണത്തോടെ അടഞ്ഞുകിടന്ന കട വീണ്ടും തുറക്കാനുള്ള തീരുമാനത്തിന് നാട്ടുകാരുടെയും മാധ്യമങ്ങളുടെയും പൂർണ പിന്തുണയുണ്ടായിരുന്നു. അച്ഛൻ നടത്തിയിരുന്ന അതേ രീതിയിൽത്തന്നെ കട മുന്നോട്ടുകൊണ്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.

കട തുറക്കുന്നതിന് മുന്നോടിയായി കുടുംബാംഗങ്ങൾ എത്തി പരിസരം വൃത്തിയാക്കി. ദിവസങ്ങളായി അടഞ്ഞുകിടന്നതിനാൽ പൊടിയും മാറാലയും നിറഞ്ഞിരുന്ന കട വൃത്തിയാക്കി ഭക്ഷണം തയ്യാറാക്കാനുള്ള പാത്രങ്ങളും സാധനങ്ങളും എത്തിച്ചു. ദോശയും ചമ്മന്തിയും ഓംലെറ്റും ഉൾപ്പെടെ ജയബാലകൃഷ്ണൻ നൽകിയിരുന്ന അതേ വിഭവങ്ങൾ തന്നെ ഇനി ഉപഭോക്താക്കൾക്ക് ലഭിക്കും.

ജയബാലകൃഷ്ണന്റെ ചിത്രത്തിന് മുന്നിൽ തിരിതെളിച്ചാണ് ചിറ്റൂർ നിവാസികൾക്ക് ഏറെ പ്രിയപ്പെട്ട തട്ടുകടയുടെ പ്രവർത്തനം പുനരാരംഭിച്ചത്. വിവരം അറിഞ്ഞ് നിരവധി നാട്ടുകാരാണ് ആദ്യദിവസം തന്നെ കടയിലെത്തിയത്. ഒരു കുടുംബത്തിന്റെ ഉപജീവനമാർഗം തിരിച്ചുപിടിക്കുന്നതിനൊപ്പം പ്രിയപ്പെട്ട മനുഷ്യന്റെ ഓർമകൾ നിലനിർത്താനുള്ള ശ്രമം കൂടിയായി ഈ തിരിച്ചുവരവ്.

കഴിഞ്ഞ ഒക്ടോബർ 25നാണ് ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകടയുടമയായ ജയബാലകൃഷ്ണൻ മരിച്ചത്.അച്ഛൻ ഇല്ലെങ്കിലും അച്ഛൻ തെളിച്ച അടുപ്പിലെ തീ അണയാതിരിക്കാൻ കുടുംബം ഒന്നിച്ചിറങ്ങിയപ്പോൾ അത് ഒരു തട്ടുകടയുടെ പുനരാരംഭം മാത്രമല്ല, ജീവിതത്തോടുള്ള പോരാട്ടത്തിന്റെ ഹൃദയസ്പർശിയായ അധ്യായം കൂടിയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top