Kerala

അരുവിത്തുറ കോളേജിന്റെ സുജിത്ത് ഇനി ഇന്ത്യൻ സൈന്യത്തിനു സ്വന്തം

അരുവിത്തുറ:അരുവിത്തുറ സെൻറ് ജോർജ് കോളജിലെ മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥിയും വോളിബോൾ ടീം അംഗവുമായ സുജിത്ത് ഇനി ഇന്ത്യൻ ആർമിയുടെ ജഴ്സിയണിയും. ഓഗസ്റ്റിൽ ഹൈദരാബാദിൽ നടന്ന സ്പോർട്സ് താരങ്ങൾക്കായുള്ള സെലക്ഷൻ ക്യാമ്പിലേയ്ക്ക് ക്ഷണിക്കപ്പെട്ട സുജിത്തിനെ ഉയർന്ന ഉദ്യോഗം നൽകി സൈന്യത്തിൽ നിയമിക്കുകയായിരുന്നു.

പന്ത്രണ്ടാം ക്ലാസിനു ശേഷം ഐടിഐ പഠനം പൂർത്തിയാക്കിയ സുജിത്തിന്റെ ബാല്യത്തിൽ തന്നെ പിതാവ് വൈദ്യുതാഘാതം ഏറ്റ് മരിച്ചിരുന്നു.ഐടിഐ പഠനത്തിനുശേഷം പത്രവിതരണം നടത്തിവരുന്നതിനിടയിൽ അട്ടപ്പാടി സ്വദേശിയായ മുൻ വോളിബോൾ താരം ഷാജുവാണ് സുജിത്തിന്റെ ഉയരവും ശരീരഘടനയും കണ്ട് ചില സുമനസ്സുകളുടെ സഹായത്തോടെ വോളി ബോളിന്റെ ബാലപാഠങ്ങൾ പോലും അറിയാത്ത സുജിത്തിനെ വോളിബോളിലേക്ക് എത്തിക്കുന്നത്. അരുവിത്തുറ സെൻറ് ജോർജ് കോളജിലെ സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ച് ജേക്കബ്ബ് സുജിത്തിന്റെ പരിശീലന ചുമതല ഏറ്റെടുത്തു.

ചുരുങ്ങിയ സമയം കൊണ്ട് എംജി യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ സുജിത്ത് കഴിഞ്ഞ വർഷം അരുവിത്തുറ സെൻറ് ജോർജ് കോളജിനെ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ ആക്കുന്നതിലും നിർണായക പങ്കു വഹിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെഡറേഷൻ കപ്പിനായി ഉള്ള ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൻറെ അനിഷേധ്യ ഘടകമായി മാറാനും സുജിത്തിന് കഴിഞ്ഞിരുന്നു. പഠനം പൂർത്തിയാകും മുൻപേ ഇന്ത്യൻ സൈന്യത്തിൽ നിയമനം ലഭിച്ച

സൂജിത്തിനെ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് മൊമന്റൊ നൽകി ആദരിച്ചു. സുജിത്തിന്റെ അഭിമാനാർഹമായ നേട്ടത്തിൽ കോളേജ് മനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ, കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ , കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി വോളി ബോൾ കോച്ച് ജേക്കബ്ബ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top