മേലുകാവ്:ജനജീവിതം സ്തംഭിപ്പിക്കുന്ന പ്ലൈവുഡ്ഡ് ഫാക്ടറിക്കെതിരെ മേലുകാവ് ജനത ഒറ്റക്കെട്ട് . മേലുകാവ് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ നിർമ്മാണത്തിലിരിക്കുന്ന പ്ലൈവുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട് നാട്ടുകാർ ഉന്നയിച്ച ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന പ്രത്യേക ഗ്രാമസഭയിൽ ശക്തമായ പ്രതിഷേധം. ഗ്രാമസഭയിൽ ഫാക്ടറി നിർമ്മാണത്തിനെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കി. ജനവാസ മേഖലയിൽ ഫാക്ടറി നിർമ്മാണം ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് ഗ്രാമസഭ പിരിഞ്ഞത്.

പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമിയുടെ അധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭയിൽ വൈസ് പ്രസിഡന്റ് കൂടിയായ 11-ാം വാർഡ് അംഗം ക്രിസ്റ്റീൻ ജോൺസൺ, 1-ാം വാർഡ് അംഗം ആൻഡ്രൂസ് എബ്രഹാം, 2-ാം വാർഡ് അംഗം ജെറ്റോ ജോസ്, 9-ാം വാർഡ് അംഗം അലക്സ് ജോസഫ്, 10-ാം വാർഡ് അംഗം ഷീബ ജോസഫ്, 12-ാം വാർഡ് അംഗം സുനിൽ സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻ മരിയ അമൽ, അസിസ്റ്റന്റ് സെക്രട്ടറി പോൾ ബേബി സാമുവൽ എന്നിവർ പങ്കെടുത്തു. ജനപ്രതിനിധികൾ 11-ാം വാർഡിലെ ജനങ്ങളുടെ ആശങ്കകൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും വിഷയത്തിൽ വാർഡിനൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

മീനച്ചിലാറിന്റെ പോഷകനദിയായ വെട്ടിക്കൊമ്പൻ തോടിന്റെ തീരത്ത് പരിസ്ഥിതിക്കും കുടിവെള്ള സ്രോതസ്സുകൾക്കും ഭീഷണിയാകുന്ന തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗ്രാമസഭ പ്രമേയം പാസാക്കിയത്. എവർഗ്രീൻ പ്ലൈവുഡ് ഇൻഡസ്ട്രീസിന് അനുവദിച്ച സൈറ്റ് അപ്രൂവലും ബിൽഡിംഗ് പെർമിറ്റും റദ്ദാക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഫാക്ടറി നിർമ്മാണത്തിന്റെ ഭാഗമായി വെട്ടിക്കൊമ്പൻ തോടിന്റെ ഏകദേശം 100 മീറ്റർ ഭാഗത്ത് പൈപ്പുകൾ സ്ഥാപിച്ച് മണ്ണിട്ട് നികത്തി ജലപ്രവാഹം തടസ്സപ്പെടുത്തിയതായി ഗ്രാമപഞ്ചായത്തിന്റെ ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയതായും പ്രമേയത്തിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോട് പഴയപടിയാക്കാൻ 2026 മേയ് 26ന് പഞ്ചായത്ത് നിർത്തിവെക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നാല് മാസത്തിലേറെയായിട്ടും തോട് പഴയ നിലയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ഈരാറ്റുപേട്ട മുൻസിഫ് കോടതിയിലെ അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ടിലും പരാമർശിച്ചിട്ടുണ്ടെന്ന് ഗ്രാമസഭ ചൂണ്ടിക്കാട്ടി.

തോട് പഴയ നിലയിലാക്കുന്നതിനായി കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും എവർഗ്രീൻ പ്ലൈവുഡ് ഇൻഡസ്ട്രീസ്, റോയൽ ഗ്രീൻ പ്ലൈ ആൻഡ് ബോർഡ് എന്നിവയുടെ ഉടമകളുടെ ചെലവിൽ പൈപ്പുകളും മണ്ണും നീക്കം ചെയ്ത് സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സമീപത്തെ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന റോയൽ ഗ്രീൻ പ്ലൈ ആൻഡ് ബോർഡിന് മലിനജലം ഒഴുക്കിയതുമായി ബന്ധപ്പെട്ട് പിഴ ചുമത്തിയിട്ടുള്ള സാഹചര്യത്തിൽ, സ്ഥാപനവുമായി ബന്ധപ്പെട്ട് പുതിയതായി നടത്തുന്ന നിർമ്മാണത്തിന് തുടർ അനുമതികളും ഡി&ഒ ലൈസൻസുകളും നൽകുന്നത് തടഞ്ഞുവെക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു.വെട്ടിക്കൊമ്പൻ തോടിന്റെയും മീനച്ചിലാറിന്റെയും ജലസ്രോതസ്സുകളുടെയും ഭൂഗർഭജലത്തിന്റെയും മേൽ ഫാക്ടറികൾ ഉണ്ടാക്കാനിടയുള്ള സഞ്ചിത പാരിസ്ഥിതിക ആഘാതം വിലയിരുത്തുന്നതിനായി വിദഗ്ധ സമിതിയുടെയും പഞ്ചായത്തിന്റെ ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സമഗ്രമായ പാരിസ്ഥിതിക പഠനം നടത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഭാവിയിൽ ജലസ്രോതസ്സുകളുടെ സമീപത്ത് പുതിയ പ്ലൈവുഡ് ഫാക്ടറികൾക്ക് അനുമതി നൽകുന്നതിൽ പഞ്ചായത്ത് ജാഗ്രത പുലർത്തണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു.
പ്രമേയത്തെക്കുറിച്ചും ഫാക്ടറി വന്നാൽ ഉണ്ടാകാനിടയുള്ള അപകട സാധ്യതകളെക്കുറിച്ചും ഗ്രാമസഭയിൽ വിശദീകരണം നൽകി. മുൻ ജില്ലാ പഞ്ചായത്ത് അംഗം സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, അഡ്വ. പ്രിൻസ് മാത്യു കല്ലങ്കാവുങ്കൽ, ജോസ് മോൻ തെങ്ങുംപള്ളി, ഡാലി കൂമ്പങ്ങൽ, ബെന്നി താഴത്തേൽ, ബേബിച്ചൻ പുലയംപറമ്പിൽ, ബെന്നിച്ചൻ പുലയംപറമ്പിൽ എന്നിവർ പ്രമേയത്തിലെ ആവശ്യങ്ങളും ഫാക്ടറി പ്രവർത്തനം ആരംഭിച്ചാൽ പ്രദേശത്തെ പരിസ്ഥിതിക്കും ജലസ്രോതസ്സുകൾക്കും കൃഷിക്കും ജനജീവിതത്തിനും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളും അപകടസാധ്യതകളും സംബന്ധിച്ച് ഗ്രാമസഭയെ ബോധ്യപ്പെടുത്തി പ്രസംഗിച്ചു.
ഫാക്ടറികൾക്കെതിരായ ജനകീയ പ്രതിഷേധം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനായി ജോയ് മോൻ തെങ്ങുംപള്ളിയെ ജനകീയ സമരസമിതി കൺവീനറായി ഗ്രാമസഭ തിരഞ്ഞെടുത്തു. ഗ്രാമസഭ പാസാക്കിയ പ്രമേയം പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തിനായി സമർപ്പിക്കാനും കെ.എസ്.പി.സി.ബി., ജില്ലാ കളക്ടർ, മൈനർ ഇറിഗേഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറാനും തീരുമാനിച്ചു.ഫാക്ടറി നിർമ്മാണം ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാട് ആവർത്തിച്ചാണ് ഗ്രാമസഭ പിരിഞ്ഞത്.