Kerala

വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് വീണ്ടും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ:ഇന്ന് മുതൽ റിസർവേഷൻ ആരംഭിക്കും 

വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് വീണ്ടും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമാണ് രണ്ട് സർവീസുകൾ വീതം പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം നോർത്ത് – വേളാങ്കണ്ണി റൂട്ടിൽ ഓഗസ്റ്റ് 29 മുതൽ സർവീസ് ആരംഭിക്കും. ഇന്ന് രാവിലെ എട്ടുമണിമുതൽ റിസർവേഷൻ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. നേരത്തെ, എറണാകുളം – വേളാങ്കണ്ണി റൂട്ടിലും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം നോർത്ത് – വേളാങ്കണ്ണി റൂട്ടിൽ ഓഗസ്റ്റ് 29, സെപ്റ്റംബർ അഞ്ച് തീയതികളിലാണ് (ശനിയാഴ്ചകൾ) സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് വൈകുന്നേരം 7:35ന് പുറപ്പെടുന്ന ട്രെയിൻ (06115) പിറ്റേദിവസം രാവിലെ 8:40ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. വേളാങ്കണ്ണി – തിരുവനന്തപുരം റൂട്ടിൽ ഓഗസ്റ്റ് 30, സെപ്റ്റംബർ ആറ് (ഞായറാഴ്ചകൾ) തീയതികളിലാണ് സർവീസ് നടത്തുക. വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽനിന്ന് വൈകുന്നേരം 7:30ന് പുറപ്പെടുന്ന ട്രെയിൻ (06116) പിറ്റേദിവസം രാവിലെ 7:30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.

നെയ്യാറ്റിൻകര, കുഴിത്തുറ, ഇരണിയൽ, നാഗർകോവിൽ ടൗൺ, വള്ളിയൂർ, നാങ്കുനേരി, തിരുനെൽവേലി, കോവിൽപട്ടി, സാത്തൂർ, വിരുദുനഗർ, മധുര, ദിണ്ഡിഗൽ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ എട്ടുവരെയാണ് വേളാങ്കണ്ണി പള്ളിയിൽ തിരുനാൾ. ഉത്സവ സീസണിൽ അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിലാണ് എറണാകുളം ജംഗ്ഷൻ – വേളാങ്കണ്ണി റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top