Kerala

പണവും വേണ്ട ;സ്വർണ്ണവും വേണ്ട ;അടുക്കള സാധനങ്ങൾ മാത്രം മോഷ്ടിക്കുന്ന അടുക്കള കള്ളനെ തേടി പോലീസ്

തിരുവനന്തപുരത്ത് പൊലീസിനെ വട്ടം കറക്കി ഒരു ‘അടുക്കള കള്ളൻ’ !! പണവും സ്വർണ്ണവും വേണ്ട ; അടുക്കള സാധനങ്ങൾ മാത്രം മതി.പിഎംജിയിലെ പൊതുമരാമത്ത് വകുപ്പ് കാന്റീനിലാണ് പതിവായി മോഷണം നടക്കുന്നത്. എണ്ണ, പലവ്യഞ്ജനങ്ങൾ, പരിപ്പ്, ഉള്ളി, കുരുമുളക് തുടങ്ങിയ പാചകസാധനങ്ങളാണ് കള്ളൻ കൃത്യമായി തിരഞ്ഞെടുത്ത് കൊണ്ടുപോകുന്നത്. ആഴ്ചയിൽ ശരാശരി നാലായിരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ നഷ്ടപ്പെടുന്നുണ്ടെന്നാണ് കാന്റീൻ അധികൃതർ പറയുന്നത്.

ഏകദേശം രണ്ടുമാസം മുമ്പാണ് കാന്റീനിൽ സ്ഥിരമായി മോഷണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ശനിയാഴ്ചയാണ് കള്ളൻ സാധാരണയായി എത്തുന്നത്. ഞായറാഴ്ച കാന്റീൻ അവധിയായതിനാൽ തിങ്കളാഴ്ച ജീവനക്കാർ ജോലിക്കെത്തുമ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. കാന്റീൻ കെട്ടിടത്തിൽ തന്നെ സൂക്ഷിച്ചിരിക്കുന്ന താക്കോൽ ഉപയോഗിച്ചാണ് കള്ളൻ അകത്തുകയറുന്നത്. ഹെൽമെറ്റ് ധരിച്ചാണ് മോഷണത്തിനെത്തുന്നത്. സിസിടിവി ക്യാമറകളുടെ ദിശ മാറ്റിവെച്ച ശേഷമാണ് സാധനങ്ങൾ മോഷ്ടിക്കുന്നത്. മോഷണം കഴിഞ്ഞ് മടങ്ങുമ്പോൾ ക്യാമറകൾ പഴയ നിലയിലേക്ക് തിരിച്ചുവയ്ക്കുകയും ചെയ്യും.

അടുത്തിടെ മോഷണത്തിനായി കാന്റീനിൽ കയറിയപ്പോൾ കാന്റീൻ ഉടമ സ്ഥലത്തെത്തി. ഉടമ കാന്റീൻ വാതിൽ പുറത്തുനിന്ന് പൂട്ടിയതോടെ കള്ളൻ അകത്ത് കുടുങ്ങി. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ലേഡീസ് റൂമിലെ ജനൽ തകർത്താണ് ഇയാൾ ഒടുവിൽ രക്ഷപ്പെട്ടത്. മോഷണത്തിനിടെ കള്ളൻ വീഴുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം വ്യക്തമായി തിരിച്ചറിയാൻ കഴിയാത്തതിനാൽ ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. അടുക്കളസാധനങ്ങൾ മാത്രം മോഷ്ടിക്കുന്ന ഈ ‘അടുക്കള കള്ളൻ’ ആരാണെന്നറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top