ഓപ്പറേഷൻ തൂഫാൻ ശക്തമാക്കി എറണാകുളം റൂറൽ പൊലീസ്. ലഹരി മാഫിയക്കെതിരായ വ്യാപക പരിശോധനയിൽ 330 കേസുകൾ രജിസ്റ്റർ ചെയ്യുകയും 390 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ വൻതോതിൽ കഞ്ചാവ്, എംഡിഎംഎ, ഹെറോയിൻ, ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ ആകെ 330 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവിധ കേസുകളിലായി 390 പേരെ അറസ്റ്റ് ചെയ്തു.ഇതിൽ പെരുമ്പാവൂർ സബ് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ നടപടി. ഇവിടെ 130 കേസുകൾ രജിസ്റ്റർ ചെയ്യുകയും 155 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, ആലുവ സബ് ഡിവിഷനിൽ 75 കേസുകളിലായി 101 പേരും പിടിയിലായി.
ഓപ്പറേഷൻ തൂഫാൻ നടപടിക്കിടെ ജില്ലയിൽ നിന്ന് 145 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. ഇതിൽ ഏകദേശം 17 കിലോ ഹൈബ്രിഡ് കഞ്ചാവ് പെരുമ്പാവൂരിൽ നിന്നാണ് കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയുൾപ്പെടെ ദമ്പതികൾ അടക്കം 10 പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിനായി ഉപയോഗിച്ച ആഡംബര വാഹനങ്ങൾ ഉൾപ്പെടെ ആറ് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
