Kerala

നഷ്ടപ്പെട്ട സ്വർണമാല കണ്ടെത്തിയത് ദിവസങ്ങൾക്കകം;ഉരുക്കുന്നതിനു തൊട്ട് മുൻപേ സ്വർണ്ണം വീണ്ടെടുത്ത് ഉടമയ്ക്ക് തിരികെ നൽകി പാലാ പോലീസ്

 

പാലാ : നഷ്ടപ്പെട്ട സ്വർണമാല ദിവസങ്ങൾക്കകം കണ്ടെത്തി യഥാർഥ ഉടമയ്ക്ക് തന്നെ തിരികെ നൽകി മാതൃകാപരമായ സേവനമികവ് തെളിയിച്ച് പാലാ പോലീസ്. പരാതി ലഭിച്ച ഉടൻ തന്നെ അന്വേഷണം ആരംഭിച്ച പോലീസ് തുടർച്ചയായ ശാസ്ത്രീയ അന്വേഷണത്തിലൂടെയും സമയോചിതമായ ഇടപെടലുകളിലൂടെയുമാണ് മാല കണ്ടെത്തിയത്. മാല ഉരുക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുണ്ടായിരുന്ന സമയത്താണ് മാല ഉടമയുടെ കൈകളിലെത്തിച്ചത്.

ചാർജ്  എസ്ഐ ദിലീപ്  കുമാറും പ്രൊബേഷൻ എസ്ഐ ഗോകുലും ചേർന്നാണ് അന്വേഷണം നയിച്ചത്. സംഭവ സ്ഥലത്തിനും പരിസരത്തുമുള്ള നിരവധി സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാണ് അന്വേഷണം നടത്തിയത്. മാല ലഭിച്ച സ്ത്രീയുടെ യാത്രാമാർഗം കണ്ടെത്തുകയും തുടർന്ന് വിവിധ സ്ഥാപനങ്ങളിലെയും ബസിലെയും സിസിടിവി ദൃശ്യങ്ങൾ, ബസ് ജീവനക്കാരുടെ മൊഴികൾ, പ്രദേശവാസികളുടെ വിവരങ്ങൾ എന്നിവ സമന്വയിപ്പിച്ച് സ്ത്രീയുടെ വീട്ടിലെത്തുകയും ചെയ്തു.

അന്വേഷണത്തിൽ സ്ത്രീ മാല ഒരു സ്ഥാപനത്തിൽ വിറ്റതായും ലഭിച്ച തുകയിൽ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയതായും വ്യക്തമായി. വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്വർണം ഉരുക്കുന്ന നടപടി നിർത്തിവെപ്പിക്കുകയും ബന്ധപ്പെട്ടവരെ സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു. ഉരുക്കുന്നതിനായി ചൂടാക്കിയിരുന്ന മാല പോലീസ് സമയോചിതമായി ഇടപെട്ട് സംരക്ഷിച്ചതോടെ നഷ്ടപ്പെട്ട അതേ മാല തന്നെ ഉടമയ്ക്ക് തിരികെ നൽകാൻ സാധിച്ചു.

പരാതി ലഭിച്ച നിമിഷം മുതൽ ഓരോ സൂചനയും ഗൗരവത്തോടെ പിന്തുടർന്ന്, ഒരു ഘട്ടത്തിലും അന്വേഷണം അവസാനിപ്പിക്കാതെ മുന്നോട്ടുപോയ എസ്ഐ ദിലീപ്  കുമാറിന്റെയും പ്രൊബേഷൻ എസ്ഐ ഗോകുലിന്റെയും ആത്മാർഥതയും കർത്തവ്യനിഷ്ഠയുമാണ് ഈ വിജയത്തിന് പിന്നിൽ.

ചിത്രം പ്രതീകാത്മകം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top