Kerala

ചിന്നക്കനാലിലെ കാട്ടാന ആക്രമണം; ചികിത്സയില്‍ കഴിയുന്ന കുട്ടിയെ മന്ത്രി ഷിബു ബേബി ജോണ്‍ സന്ദര്‍ശിച്ചു

 

കോട്ടയം: ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ ആശ്വസിപ്പിച്ച് വനംവകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍. കാട്ടാന ആക്രമണത്തില്‍ മരിച്ച ചിന്നക്കനാല്‍ സിങ്കുകണ്ടം സ്വദേശിനി മാരിയുടെ മകന്‍ രക്ഷന്‍(11) കിടക്കുന്ന 25-ാം വാര്‍ഡിലെത്തിയ മന്ത്രി കുട്ടിയുടെ പഠനത്തിനും ചികിത്സയ്ക്കുമുള്‍പ്പെടെ എല്ലാ കാര്യത്തിലും ഒപ്പമുണ്ടായിരിക്കുമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി.

രക്ഷന്റെയും സഹോദരി രക്ഷിണയുടെയും പേരില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ട നഷ്ടപരിഹാരത്തുകയുടെ ബാങ്ക് രേഖകള്‍ മന്ത്രി കൈമാറി.പരിക്കേറ്റ കുട്ടിക്ക് 18 വയസ് തികയുന്നതുവരെ റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ചു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിമാസം കുടുംബത്തിന് അയ്യായിരം രൂപ നല്‍കും. കുട്ടികളുടെ സംരക്ഷണത്തിനായി വനം വകുപ്പിലെ ഒരു സീനിയര്‍ ഓഫീസറെ മെന്റര്‍ ആയി നിയോഗിച്ചിട്ടുണ്ട്.

കുട്ടിയുടെ ആരോഗ്യസ്ഥിതി പൂര്‍ണമായും ഭേദമായശേഷമേ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യൂ. എല്ലാ ദിവസവും ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് കുട്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു. ചിന്നക്കനാലിലെ വീട്ടിലെത്തുമെന്ന് മന്ത്രി രക്ഷന്റെ ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി.

മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി ജേക്കബ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. സദറുദ്ദീന്‍ അഹമ്മദ്, ഡോ. ഫ്രെഡറിക് പോള്‍, ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. സതീഷ് ചന്ദ്രന്‍, ഡോ. ടിനു രവി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി. പ്രമോദ്, അസിസ്റ്റന്റഅ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജയചന്ദ്രന്‍ നായര്‍, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ പ്രഫുല്‍ അഗര്‍വാള്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top