
ഈരാറ്റുപേട്ട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ, ആനിയിളപ്പിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. “പച്ചക്കുട നിവർത്താം, ഭൂമിക്ക് തണലേകാം” എന്ന ഈ വർഷത്തെ സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി.

നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി.പി. നാസറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഹരിത ജീവിതശൈലിയുടെ അനിവാര്യതയും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു.ചടങ്ങിൽ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അജ്മൽ പി.എം. പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ അധ്യാപകൻ ജോബിൻ ജെ. മാത്യു പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പരിപാടിയുടെ ഭാഗമായി കുട്ടികളിൽ കാർഷിക സംസ്കാരവും പ്രകൃതി സൗഹൃദ ജീവിതശൈലിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ട നഗരസഭയുടെ പുതിയ പദ്ധതിയായ “ഹരിതഭാവി – വിത്തിൽ നിന്ന് സ്വപ്നങ്ങളിലേക്ക്” പ്രഖ്യാപിച്ചു. കുട്ടിക്കർഷകരെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് വിത്തുകൾ വിതരണം ചെയ്യുകയും അവർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾ ഓണച്ചന്തയിൽ വിപണനം ചെയ്യുന്നതിനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടിക്കർഷകർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.
കൗൺസിലർമാരായ അമീൻ പിട്ടയിൽ, അബ്സാർ മുരിക്കോലിൽ, സുബൈർ വെള്ളാപ്പള്ളി, ശാഹുൽ മുരിക്കോലിൽ എന്നിവർ ആശംസകൾ നേർന്നു. ക്ലീൻ സിറ്റി മാനേജർ രാജൻ ടി., ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജെറാൾഡ് മൈക്കിൾ, രാജേഷ് ലാൽ, കൃഷി ഓഫീസ് ഉദ്യോഗസ്ഥരായ നാജി, അബ്ദുൽ ഷഹീദ് ,പി.ടി.എ വൈസ് പ്രസിഡന്റ്, അധ്യാപകർ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, കൃഷി ഓഫീസിലെയും നഗരസഭയിലെയും ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് രോഹിത് എം. സ്വാഗതം ആശംസിച്ചു. കൃഷി ഓഫീസർ ജയകൃഷ്ണ ജെ. നന്ദി രേഖപ്പെടുത്തി.പരിസ്ഥിതി സംരക്ഷണ സന്ദേശം സമൂഹത്തിന്റെ വിവിധ തലങ്ങളിലെത്തിക്കുന്നതിനും ഹരിത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ബോധവത്കരണ പരിപാടികളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.