കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ മുനവെച്ച വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നാണ് വിമര്‍ശനം. തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും നോക്കിയില്ല. ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.
‘പ്രവര്‍ത്തകരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാന്‍ പോലും ആര്‍ക്കും തോന്നാത്ത ഒരു കാലമായി ഇതുമാറിയോ? പ്രധാനപ്പെട്ട ഒരുകാര്യം പറയാന്‍ വേണ്ടി-ശുപാര്‍ശയ്‌ക്കൊന്നുമല്ല-പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. തിരിച്ചുവിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല.
ആഭ്യന്തര മന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരിയുടെ മരണം നടന്ന് നാലുവര്‍ഷത്തിനിടയില്‍ എനിക്കുണ്ടായ അനുഭവം ആണ് ചൂണ്ടിക്കാട്ടുന്നത്. കുടുംബത്തോടുള്ള സമീപനമാണ് പറയുന്നത്’, ‘പച്ചക്കുതിര’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.