തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലെത്തുമ്പോള്‍ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വീണ്ടും കേരളത്തില്‍. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉച്ചയോടെ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ വഴി ചങ്ങനാശ്ശേരി കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങും. അവിടെ നിന്ന് റോഡ് മാര്‍ഗം തിരുവല്ലയില്‍ എത്തും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സംഗമം നടക്കും.

തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതല്‍ കരമന വരെയാണ് റോഡ് ഷോ. ശേഷം ഇന്ന് തന്നെ ഡല്‍ഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.