മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് മോശം കാലാവസ്ഥ എന്ന് സൂചന. ലാൻഡിങ്ങിന് മുന്നോടിയായി ദൂരകാഴ്ച മങ്ങുന്നതായി പൈലറ്റ് അറിയിച്ചതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇത് മൂലം വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാണ് നിഗമനം. 8.10നാണ് വിമാനം മുംബൈയിൽ നിന്ന് പുറപ്പെട്ടത്. 8.50നാണ് അപകടമുണ്ടാകുന്നത്.

ഇന്ന് കാലത്താണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബാരാമതിയിലെ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിനിടെ അജിത് പവാർ യാത്ര ചെയ്തിരുന്ന വിമാനം തെന്നിമാറുകയായിരുന്നു. അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.