ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് നടത്തിയ സർജിക്കൽ സ്ട്രൈക്കിന് സമാനമായി മ്യാൻമറിലെ ഭീകര കേന്ദ്രങ്ങളിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. 2025 ജൂലൈയിൽ ഇന്ത്യ–മ്യാൻമർ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം ഭീകര ക്യാംപുകൾ തകർത്തു എന്നാണ് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ 11 മുതൽ 13 വരെ നീണ്ടുനിന്ന ഈ ദൗത്യത്തിൽ പാരാ (സ്പെഷൽ ഫോഴ്‌സ്) കമാൻഡോകളാണ് പങ്കെടുത്തത്.

ഓപ്പറേഷന് നേതൃത്വം നൽകിയ ലഫ്റ്റനന്റ് കേണൽ ഘടേജ് ആദിത്യ ശ്രീകുമാറിന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ശൗര്യ ചക്ര ബഹുമതി ലഭിച്ചതോടെയാണ് ഈ സൈനിക നീക്കത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. ബഹുമതിയോടൊപ്പം നൽകിയ വിശദീകരണത്തിലാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഘത്തിന്റെ ക്യാംപ് ലക്ഷ്യമിട്ട പ്രത്യേക ദൗത്യത്തെക്കുറിച്ചുള്ള പരാമർശം ഉൾപ്പെടുത്തിയിരിക്കുന്നത്.