കൊച്ചിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി നടി ഗായത്രി അരുൺ. തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചാണ് സ്ഥാപനം വൻ തട്ടിപ്പ് നടത്തിയത്. 300ഓളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ ചതിയിൽപ്പെട്ടതായും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വെളിപ്പെടുത്തി. സ്ഥാപനത്തിനെതിരെ താൻ നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഗായത്രി അറിയിച്ചു.

2024 സെപ്റ്റംബർ മൂന്നിന് കൊച്ചിയിലുള്ള ഓൺലൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിൽ ഗായത്രി അരുൺ പങ്കെടുത്തിരുന്നു. പ്രസ്തുത സ്ഥാപനം പിന്നീട് നടിയുടെ ചിത്രം അനുവാദമില്ലാതെ മാർക്കറ്റിംഗിനായി ഉപയോഗിക്കാൻ തുടങ്ങി. വാട്‌സാപ്പിൽ നടിയുടെ ചിത്രം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചാണ് ഇവർ ബിസിനസ് നടത്തിയിരുന്നത്. നടിയുടെ സാന്നിധ്യം കണ്ട് വിശ്വസിച്ച് പണമടച്ച നിരവധി വിദ്യാർത്ഥികൾക്ക് പിന്നീട് സ്ഥാപനവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. പണം നഷ്ടപ്പെട്ട 300ഓളം വിദ്യാർത്ഥികൾ തനിക്ക് നേരിട്ട് സന്ദേശങ്ങൾ അയച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി ബോധ്യപ്പെട്ടതെന്ന് ഗായത്രി പറഞ്ഞു.