തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർപ്പട്ടിക സമഗ്ര പരിഷ്കരണം (എസ് ഐ ആർ) ജുഡീഷ്യൽ റിവ്യൂവിന് പോലും അതീതമാണോയെന്ന ചോദ്യവുമായി സുപ്രീംകോടതി. രാജ്യവ്യാപക എസ് ഐ ആർ നടപടികൾ ചോദ്യം ചെയ്‌തുള്ള ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ചോദ്യം ഉന്നയിച്ചത്.

നടപടികൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് അനുസൃതവും ന്യായയുക്തവുമായിരിക്കണമെന്ന് ജസ്‌റ്റിസ് ജോയ്മല്യ ബാഗ്‌ചി പറഞ്ഞു. പൗരത്വം പരിശോധിക്കുന്നത് തിരഞ്ഞെടുപ്പ് പ്രക്രീയയ്ക്ക് വേണ്ടി മാത്രമാണെന്നും നാടുകടത്താനല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഉദാരവും സമ്മർദ്ദങ്ങളില്ലാതെയുമാണ് പ്രവർത്തനങ്ങളെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടു