പാലാ: പരിസ്ഥിതി സൗഹൃദ ഊർജ്ജോത്പാദനത്തിൽ മാതൃകയായി അൽഫോൻസാ കോളജ് .പരിസ്ഥിതി സൗഹൃദ ഊർജ്ജ നിർമ്മാണത്തിലേക്ക് പുതിയ ചുവടുവയ്പിലൂടെ സംസ്ഥാനത്തു തന്നെ മാതൃകയായിരിക്കുകയാണ് കോളജ് . കോളജിൽ 50 കിലോ വോട്ട് ശേഷിയുള്ള ഓൺ-ഗ്രിഡ് സോളാർ പാനൽ സ്ഥാപിച്ചാണ് മാതൃകാ മുന്നേറ്റം.

അൽഫോൻസാ കോളേജ് ‘ഗ്രീൻ ക്യാമ്പസ്’ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. സംസ്ഥാന-കേന്ദ്ര സർക്കാരിന്റെ സംയുക്ത ധനസഹായപദ്ധതിയായ റൂസ 2.0 ഫണ്ടിലൂടെയാണ് പദ്ധതി നടപ്പാക്കിയത്.സെഗ്മെറ്റ് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് സോളാർ പാനൽ സ്ഥാപിക്കലിന് നേതൃത്വം നൽകിയത്.
സോളാർ പാനൽ പ്രവർത്തനം ആരംഭിച്ചതോടെ കോളജിന്റെ പാരമ്പര്യ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ് ക്കാനും പരിസ്ഥിതി സൗഹൃദമായ ഊർജ്ജോൽപാദനം വർധിപ്പിക്കാനും സാധിക്കുമെന്ന് കോളജ് മാനേജ്മെന്റ് അറിയിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗത്തിന് മാതൃകയാകുന്ന പദ്ധതിയെന്ന നിലയിൽ ഈ സംരംഭം ഏറെ ശ്രദ്ധേയമായി.
പരിസ്ഥിതി സംരക്ഷണം, സംരംഭകത്വം, ജൈവ കൃഷി എന്നിവയുടെ പ്രായോഗിക ബോധവൽക്കരണം ലക്ഷ്യമിട്ട് ഇന്നോവേഷൻ ആൻഡ് ഓന്റ്രോപ്രണർഷിപ്പ് ഡെവലപ്മെൻറ് സെന്ററും സുവോളജി വകുപ്പും നേതൃത്വം നൽകി വിദ്യാർത്ഥികൾ തന്നെ പരിപാലിച്ച വെർമിബെഡുകളിൽ നിന്ന് ഉല്പാദിപ്പിച്ച ജൈവകമ്പോസ്റ്റ് വിപണിയിൽ എത്തിച്ച് കോളേജ് ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.
കോളജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യു, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഡോ. ജോബിൻ വടക്കേതകിടി, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള, അസോ. പ്രഫ മഞ്ജു ജോസ്,റൂസ കോർഡിനേറ്റർ ഡോ. മായ ജോർജ്, രേഖ മാത്യു, സെഗ്മെറ്റ് എനർജി സൊല്യൂഷൻസ് എംഡി ജിസ്ബിൻ തുടങ്ങിയവർ പ്രസംഗിച്ചു.