തിങ്കളാഴ്ച്ച ഹൈദരാബാദിൽ കുക്കട്പള്ളിയിലെ സിനിമാ തിയേറ്ററിൽ സിനിമ പ്രദർശനത്തിനിടയിൽ കുഴഞ്ഞുവീണ് വിരമിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മെഗാസ്റ്റാർ ചിരഞ്ജീവി അഭിനയിച്ച മന ശങ്കരവരപ്രസാദ് ഗാരു എന്ന സിനിമയുടെ പ്രദർശനത്തിനിടെയാണ് സംഭവം നടന്നത്. കുക്കട്പള്ളിയിലെ അർജുൻ തിയേറ്ററിലായിരുന്നു സിനിമ പ്രദർശനം. 12-ാം ബറ്റാലിയനിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ച് വിരമിച്ച ആനന്ദ് കുമാറിനാണ് രാവിലെ 11.30-നുള്ള ഷോ നടക്കുന്നതിനിടയിൽ അത്യാഹിതം സംഭവിച്ചത്. സിനിമ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി അദ്ദേഹം സീറ്റിൽതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.