സിപിഐഎം നേതാവും, പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശിക്കെതിരെ പരാതി നല്‍കി വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി സിന്ധു അനിൽകുമാർ. സ്ത്രീയെന്ന പരിഗണന നല്‍കാതെ പട്ടികജാതിക്കാരി എന്ന നിലയില്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും തനിക്ക് അയിത്തം കല്‍പ്പിക്കുന്നുവെന്നും സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. യോഗങ്ങളില്‍ നിന്ന് മനപ്പൂര്‍വ്വം ഒഴിവാക്കുന്നുവെന്നും, തന്നെ സ്ഥലം മാറ്റാന്‍ ശ്രമിക്കുന്നുവെന്നും സിന്ധു വ്യക്തമാക്കി.

എടീ… പോടീ എന്നിങ്ങനെയെല്ലാം വിളിക്കുകയും, ഔദ്യോഗിക വാഹനം നടഞ്ഞുവെക്കുകയും ചെയ്യുന്നു. വാഹനത്തിന്റെ കാറ്റൂരി വിടുക, ഹാജര്‍ ബുക്ക് പിടിച്ചുവെക്കുക, താല്‍ക്കാലിക ഡ്രൈവറെ അകാരണമായി പുറത്താക്കുക എന്നിങ്ങനെയെല്ലാം ചെയ്തിരുന്നു. തന്നെ അനുകൂലിച്ച ഹരിതകര്‍മ സേന അംഗങ്ങളെ പിരിച്ചുവിട്ടു. സെക്രട്ടറിയെ ഒഴിവാക്കി യോഗങ്ങള്‍ ചേര്‍ന്ന് തീരുമാനമെടുക്കുന്നു. ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് മന്ത്രിമാര്‍ക്കടക്കം പരാതി നല്‍കിയെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നും സിന്ധു ആരോപിച്ചു.
തന്‍റെ വണ്ടി തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിയെടുത്തു. മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. താന്‍ എസ്‌സി വിഭാഗക്കാരിയായതിനാല്‍ കമ്മിറ്റിയില്‍ കയറ്റില്ല. അദ്ദേഹം പറയുന്നത് മാത്രം കേട്ടാല്‍ മതി എന്ന നിലപാടാണ്. തങ്ങളെ കൊന്നാലും ആര്‍ക്കും ഒരു പ്രശ്‌നവുമില്ല എന്ന രീതിയിലുള്ള പ്രതികരണമാണ് പരാതി കൊടുത്തിടത്തു നിന്ന് ലഭിക്കുന്നതെന്നും സിന്ധു അനില്‍കുമാര്‍ പ്രതികരിച്ചു.
അതേസമയം തനിക്കെതിരെ ഉണ്ടായത് വാസ്തവ വിരുദ്ധമായ ആരോപണമാണെന്നായിരുന്നു സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ പ്രതികരണം. താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും , ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും വെള്ളനാട് ശശി പറഞ്ഞു. നാട്ടുകാരോട് ചോദിക്കൂ, ഒരാളെ പോലും ഞാന്‍ ജാതിപരമായി അധിക്ഷേപിച്ചിട്ടില്ല. സെക്രട്ടറിക്കെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും വെള്ളനാട് ശശി പറഞ്ഞു.