കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ മര്‍ദിച്ച് യുവാക്കള്‍. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. നാല് യുവാക്കളാണ് മര്‍ദനത്തിന് പിന്നില്‍. സംഭവത്തില്‍ ശൂരനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കിരണിന്റെ വീടിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്നു യുവാക്കള്‍. ഇതിനിടെ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിന് മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തു. കിരണിനെ യുവാക്കള്‍ വെല്ലുവിളിക്കുകയും ചെയ്തു.
ഇതോടെ കിരണ്‍ വീടിന് പുറത്തേയ്ക്ക് വന്നു. തൊട്ടുപിന്നാലെ യുവാക്കള്‍ ചേര്‍ന്ന് കിരണിനെ മര്‍ദിക്കുകയായിരുന്നു. അടിച്ച് താഴെയിട്ട ശേഷം കിരണിന്റെ മൊബൈല്‍ ഫോണ്‍ സംഘം കവര്‍ന്നു. തുടര്‍ന്ന് കിരണിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.