
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സെന്റ്. മേരീസ് സ്കൂൾ അറക്കുളം ആതിഥേയരായ സെന്റ്. സെബാസ്റ്റ്യൻസ് കടനാടിനെ രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് കീഴടക്കി ലീഗിലെ തങ്ങളുടെ രണ്ടാം വിജയം കരസ്ഥമാക്കി. ടൂർണമെന്റിൽ ആദ്യ രണ്ടുമത്സരങ്ങളും ജയിച്ച സെന്റ്. മേരീസ് സ്കൂൾ അറക്കുളം പോയിന്റ് ടേബിളിൽ ഒന്നാമതാണ്. മത്സരത്തിൽ ഹാട്രിക് നേടിയ സെൻമേരിസ് സ്കൂൾ അറക്കുളത്തെ അർജുൻ മാൻ ഓഫ് ദ മാച്ചായി.
ഉച്ചകഴിഞ്ഞ് പാലാ സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ്. തോമസ് ഹയർ സെക്കന്ററി സ്കൂൾ ഏകപക്ഷീയമായ ഒരു ഗോളിന് ഇലഞ്ഞി സെന്റ്. പീറ്റേഴ്സ് സ്കൂളിനെ പരാജപ്പെടുത്തി ലീഗിലെ തങ്ങളുടെ ആദ്യ വിജയം കരസ്ഥമാക്കി. തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടം ആദ്യ പകുതിയിൽ ഗോൾ രഹിത സമനില ആയിരുന്നെങ്കിലും രാണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ കണ്ടെത്താൻ പാലാ സെന്റ്. തോമസ് ഹയർ സെക്കന്ററി സ്കൂളിന് കഴിഞ്ഞു. മത്സരത്തിലെ മികച്ച കളിക്കാരനായി കളിയിലുടനീളം മികച്ച പ്രകടനം നടത്തിയ പാലാ സെന്റ് തോമസ് സ്കൂൾ ടീം ഗോൾ കീപ്പർ നിഷാലിനെ തിരഞ്ഞെടുത്തു.
ശനിയാഴ്ച ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് അറക്കുളം സെന്റ്. മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ സെന്റ്. മേരീസ് സ്കൂൾ കാഞ്ഞിരത്താനം സെന്റ് ജോൺസ് സ്കൂളിനെ നേരിടും.