നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാം തവണയും പിണറായി വിജയന് നയിക്കും. തുടര്‍ച്ചയായി രണ്ട് ടേം കഴിഞ്ഞ പിണറായി വിജയന് ഇളവ് നല്‍കും. പ്രചാരണം നയിക്കുന്നത് പിണറായി വിജയന് ആയിരിക്കുമെന്നും, മറ്റ് പേരുകള്‍ പരിഗണനയില്‍ ഇല്ലെന്നും സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം വിരാമമിടുകയാണ് സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന് നയിക്കുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്. രണ്ട് ടേം നിബന്ധന സിപിഐഎമ്മിന് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. ഇത്തവണ അത് കര്‍ശനമാകില്ലെന്നാണ് സൂചന.
പിണറായി വിജയന് മൂന്നാമതും മത്സരിക്കാനുള്ള ഇളവ് നല്‍കും. ഇനി എന്തെങ്കിലും മാറ്റമുണ്ടാവുകയാണെങ്കില്‍ അത് പിണറായി വിജയന്റെ വ്യക്തിപരമായ താത്പര്യമനുസരിച്ചായിരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.