കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ചാടിപ്പോയി. വിചാരണ തടവുകാരനായി ഇയാൾ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഇവിടെ നിന്നും ചാടിപ്പോയത്. ശുചിമുറിയുടെ ചുമർ തുരന്ന് പിന്നീട് ചുറ്റുമതിൽ ചാടി പുറത്ത് എത്തിയാണ് ഇയാൾ രക്ഷപെട്ടത്. മൂന്നാം വാർഡിൽ നിന്നാണ് വിനീഷ് രക്ഷപെട്ടത്. മൂന്ന് മണിക്കൂർ കൂടുമ്പോൾ തടവുകാർ സെല്ലിലുണ്ടോ എന്ന് പരിശോധിക്കുന്ന രീതിയുണ്ട്. ഇങ്ങനെ നടന്ന പരിശോധനയിലാണ് വിനീഷ് ചാടിപ്പോയതായി കണ്ടെത്തിയത്. ഇയാളെ കണ്ടെത്താൻ പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കൊലപാതക്കേസിൽ അറസ്റ്റിലായ വിനീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു. ഇവിടെ വെച്ച് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 10നാണ് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടെ നിന്നാണ് പ്രതി ശുചിമുറി വഴി പുറത്ത് ചാടി രക്ഷപ്പെട്ടത്. രണ്ട് വർഷം മുൻപും പ്രതി ഇതേ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.