തിരുവനന്തപുരം: ശബരിമല വിവാദവും സ്വർണ്ണക്കൊള്ളയിൽ നടപടി ഇല്ലാത്തതും തിരിച്ചടിയായെന്ന് സിപിഎം. സിപിഎം സംസ്ഥാന സമിതിയിലാണ് ശബരിമല വിവാദം തിരിച്ചടിയായെന്ന വിലയിരുത്തലുണ്ടായത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി.

ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എന്നാൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല. സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഘടനാ വീഴ്ചയുണ്ടായതായും സംസ്ഥാന സമിതി വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രചാരണ ജാഥ വേണമെന്നാണ് സംസ്ഥാന സമിതിയിലെ നിർദ്ദേശം.