കൊച്ചി: കൊച്ചിയിൽ മേയറെ കണ്ടെത്തിയതിൽ താനോ ഏതെങ്കിലും നേതാക്കളോ ഇടപെട്ടിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസിയുടെ നടപടിക്രമം അനുസരിച്ചാണു മേയറെ നിശ്ചയിച്ചത്.

“കൊച്ചിയില്‍ തെരഞ്ഞെടുപ്പ് ജയിപ്പിക്കുന്നതു വരെ മാത്രമേ ഞാന്‍ അവിടെ ഇടപെട്ടിട്ടുള്ളൂ. അതിനു ശേഷം ഇടപെട്ടില്ലെന്നതാണ് എനിക്കെതിരായ പരാതി.
തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിക്കാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കെപിസിസി സര്‍ക്കുലര്‍ ബാധകമാണ്. തൃശൂരിലും കൗണ്‍സിലര്‍മാരുടെ അഭിപ്രായം ചോദിച്ചാണ് മേയറെ തെരഞ്ഞെടുത്തത്. മുകളില്‍നിന്ന് ആരെയും കെട്ടിയിറക്കിയിട്ടില്ല.
കെപിസിസിയുടെ മാനദണ്ഡം പുറത്തു വരുന്നതിനു മുന്‍പു തന്നെ ചില മാധ്യമങ്ങള്‍ കൊച്ചിയില്‍ മേയറെ തീരുമാനിച്ചു. ഒരാളെ മാത്രമേ മേയറാക്കാനാകൂ.
ബിജെപി, സിപിഎം, എസ്ഡിപിഐ എന്നീ കക്ഷികളിൽ ആരുടെയെങ്കിലും പിന്തുണയില്‍ തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷരായി ജയിച്ചാല്‍ അപ്പോള്‍ത്തന്നെ രാജിവയ്ക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്”- വി.ഡി. സതീശൻ മാധ്യമങ്ങളോടു വ്യക്തമാക്കി.