തൃശ്ശൂർ: മേയർ സ്ഥാനാർഥിത്വത്തെച്ചൊല്ലി തൃശ്ശൂർ കോർപ്പറേഷനിൽ കോൺഗ്രസിനകത്ത് കടുത്ത ഭിന്നത. ഡോ. നിജി ജസ്റ്റിനെ മേയറായി പ്രഖ്യാപിച്ച പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ മുതിർന്ന നേതാവായ ലാലി ജെയിംസ് തുറന്ന പ്രതിഷേധവുമായി രംഗത്തെത്തി. മേയർ സ്ഥാനാർഥി പട്ടികയിൽ ആദ്യ പരിഗണന ലഭിച്ചിരുന്നുവെന്ന അവകാശവാദവുമായി ലാലി ജെയിംസ് ഇന്ന് നടക്കാനിരിക്കുന്ന മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് വിപ്പ് സ്വീകരിക്കാൻ തയ്യാറായില്ല. തന്നെ പണം കൈപ്പറ്റിയാണ് മേയർ സ്ഥാനത്തിൽനിന്ന് മാറ്റിനിർത്തിയതെന്ന ഗുരുതര ആരോപണവും അവർ ഉന്നയിച്ചു.

‘എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നറിയില്ല. മൂന്ന് ദിവസം മുമ്പ് ഡിസിസിയിലേക്ക് വിളിപ്പിച്ചിരുന്നു. പാർട്ടിക്ക് പ്രവർത്തിക്കാൻ ഫണ്ട് ആവശ്യമാണെന്ന് അറിയമാല്ലോയെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു. എന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞു. പണം ഉണ്ടാക്കാനായി ഇത്രയും കാലം പൊതുപ്രവർത്തനത്തെ ഉപയോഗിച്ചിട്ടില്ല എന്നും മറുപടി നൽകി. മിനിയാന്ന് രാത്രിയും വിളിപ്പിച്ചിരുന്നു. പ്രധാനപ്പെട്ട മൂന്ന് നേതാക്കൾ അവിടെ ഉണ്ടായിരുന്നു. ടി.എൻ.പ്രതാപൻ,വിൻസെന്റ്,ടാജറ്റ് എന്നിവരാണ് ഉണ്ടായിരുന്നത്. രണ്ടോ മൂന്നോ ടേമിലേക്ക് സ്വീകരിക്കുമോ എന്ന് ചോദിച്ചു. എന്നെ പ്രഥമ പരിഗണനയിൽനിന്ന് മാറ്റാനുള്ള കാര്യത്തെ കുറിച്ച് എനിക്കറിയില്ല. ആദ്യത്തെ ഒരു വർഷം മാത്രം മതി, ബാക്കി നാലുവർഷം ഒരാൾക്ക് കൊടുത്തോളൂവെന്ന് പറഞ്ഞു. അത് മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. അത് നടക്കില്ലെന്നും രണ്ടോ മുന്നോ ടേമിലേക്ക് പരിഗണിക്കാമെന്നും അവർ അറിയിച്ചു. നിജി ജസ്റ്റിനെ അംഗീകരിക്കുകയാണെങ്കിൽ സുധി ബാബുവിന് രണ്ടാം ഘട്ടം കൊടുത്തോളൂവെന്നും എന്നെ ഒഴിവാക്കിക്കോ എന്നും ഞാൻ പറഞ്ഞു’ ലാലി പറഞ്ഞു.