പാലാ: സ്വതന്ത്ര മുന്നണിയുടെ ദിയ ബിനു പാലാ ചെയർപേഴ്സണാവും. ഇന്ന് ചേർന്ന യു.ഡി.എഫും സ്വതന്ത്ര സഖ്യവും ചേർന്നുള്ള ചർച്ചയിലാണ് കാര്യങ്ങൾ രാത്രി 8.30 ഓടെ തീരുമാനമായത്.

വൈസ് ചെയർപേഴ്സണായി സ്വതന്ത്ര മായാ രാഹുലയിരിക്കും യു.ഡി.എഫ് സ്ഥാനാർത്ഥി.മാണി സി കാപ്പൻ എം.എൽ.എ യും ,ഫ്രാൻസിസ് ജോർജ് എം പി യും ,കോൺഗ്രസ് നേതാവ് ടോമി കല്ലാനിയുമാണ് അവസാന തീരുമാനമെടുക്കാൻ മുൻകൈ എടുത്തത്.
അഭിപ്രായ വ്യത്യാസമില്ലാതെയാണ് തീരുമാനമെടുത്തതെന്ന് കുര്യാക്കോസ് പടവൻ പറഞ്ഞു.പ്രായം ഒരു നമ്പർ മാത്രമാണ് എൻ്റെ കഴിവുകൾ പാലായുടെ വികസനത്തിനായി വിനിയോഗിക്കുമെന്നും ദിയാ ബിനു അറിയിച്ചു.
നാളെ പത്തരയ്ക്ക് നടക്കുന്ന ചടങ്ങിൽ 8.30 ന് യു.ഡി.എഫ് അംഗങ്ങളും നാല് സ്വതന്ത്രരും ഒത്ത് ചേർന്ന് തീരുമാനമെടുത്ത ശേഷം ഒന്നിച്ച് കൗൺസിൽ ഹാളിൽ പ്രവേശിക്കാനാണ് തീരുമാനം.
ഒരു കുടുംബം പാലായെ ഭരിക്കുമ്പോൾ ഇവർക്ക് വിപ്പ് ബാധകമല്ലേയെന്ന ചോദ്യത്തിന് അതൊക്കെ നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതെന്നായിരുന്നു ഫ്രാൻസിസ് ജോർജിൻ്റെ മറുപടി.ദിയാ ബിനുവിനെ മാണി സി കാപ്പനും ,മായാ രാഹുലിനെ ഫ്രാൻസിസ് ജോർജും ഹാരം അണിയിച്ചു.
വാർഡ് 13 ൽ നിന്നും വിജയിച്ച ബിജു പുളിക്കക്കണ്ടം ,വാർഡ് 14 ൽ നിന്നും വിജയിച്ച ബിനു പുളിക്കക്കണ്ടം ,വാർഡ് 15 ൽ നിന്നും വിജയിച്ച ദിയ പുളിക്കക്കണ്ടം എന്നിവരും ഇവരുടെ കുടുംബ സുഹൃത്തായ വാർഡ് 19 ൽ നിന്നും വിജയിച്ച മായാ രാഹുലുമാണ് യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന നാല് സ്വതന്ത്രർ.ഇതിൽ ബിനുവും ,ബിജുവും സഹോദരൻമാരും ,ദിയ ബിനുവിൻ്റെ മകളുമാണ്.