കൊച്ചി: കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ അസ്വാഭാവികതയില്ലെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. കെപിസിസി മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് മേയറെ തെരഞ്ഞെടുത്തതെന്ന് ഷിയാസ് പറഞ്ഞു.

ഇതിന് മുൻപും ഭൂരിപക്ഷം മാനദണ്ഡമാക്കിയിട്ടുണ്ട് എന്നും ഷിയാസ് വ്യക്തമാക്കി. നേരത്തെ മേയർ തെരഞ്ഞെടുപ്പിൽ കെപിസിസി മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ദീപ്തി മേരി വർഗീസ് കെപിസിസി അധ്യക്ഷന് പരാതി നൽകിയിരുന്നു.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് താൻ മറുപടി പറയേണ്ടത് ശരിയായ നടപടിയല്ല. പാർട്ടി വേദികളിലാണ് അഭിപ്രായങ്ങൾ ചർച്ച ചെയ്യേണ്ടത്. പൊതുവേദിയിൽ ചർച്ച ചെയ്ത് യുഡിഎഫ് വിജയത്തിന്റെ ശോഭ കെടുത്താനും രാപ്പകലില്ലാതെ കഷ്ടപ്പെട്ട പ്രവർത്തകരെ വേദനിപ്പിക്കാനും ഞങ്ങൾ തയ്യാറല്ല എന്നും ഷിയാസ് പറഞ്ഞു.