തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. എട്ടാം പ്രതിക്ക് മാത്രം പ്രേരണ ഉണ്ടായില്ല എന്ന് കോടതി വിധിയില്‍ പറയുകയാണെന്നും എന്നാല്‍ പ്രേരണ തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ തങ്ങള്‍ ഹാജരാക്കിയിരുന്നുവെന്നും ടി ബി മിനി പറഞ്ഞു. അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു മിനിയുടെ വെളിപ്പെടുത്തല്‍.

‘എട്ടാം പ്രതിയുടെ മോട്ടീവ് എന്നത് കാവ്യാമാധവനുമായുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞതാണ്. അതിന് നിരവധി സാക്ഷികളെ ഞങ്ങള്‍ ഹാജരാക്കിയുണ്ട്. ചില ആളുകള്‍ പറയുകയാണ് 20 സാക്ഷികള്‍ കൂറുമാറിയെന്ന്. 261 സാക്ഷികളില്‍ 20 പേര് കൂറുമാറി. ഈ കൂറുമാറിയവര്‍ ആരാണ്, ആരായിരുന്നു? ദിലീപിന്റെ ഭാര്യ, അനിയന്‍, അളിയന്‍, ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും നടനുമായ സിദ്ദീഖ്, ദിലീപിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ ഇടവേള ബാബു… അത്തരം ആളുകള്‍ കൂറുമാറും. എങ്കിലും പല കാര്യങ്ങള്‍ കണ്ടെത്താന്‍ പോലീസ് ചില ആളുകളെ സാക്ഷിയാക്കി ചേര്‍ക്കും. അതാണ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന് പറയുന്നത്. ഇന്‍വെസ്റ്റിഗേഷനും എന്‍ക്വയറിയും തമ്മില്‍ വ്യത്യാസമുണ്ട്. ഈ തെളിവുകള്‍ എല്ലാം പറഞ്ഞിട്ട് മേഡം പറയുയാണ് ദേര്‍ ഈസ് നോ മോട്ടീവ്’, ടി ബി മിനി പറഞ്ഞു.