കൊൽക്കത്ത: ഇന്ത്യയ്ക്ക് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും ഹിന്ദു രാഷ്ട്രമാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഇന്ത്യൻ സംസ്കാരം രാജ്യത്ത് വിലമതിക്കപ്പെടുന്നിടത്തോളം കാലം ഇന്ത്യ ഹിന്ദു രാഷ്ട്രമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്തയില്‍ നടന്ന ആർഎസ്എസ് 100 വ്യാഖ്യാൻ മാല എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളുടെ രാഷ്ട്രം ഹിന്ദു രാഷ്ട്രമാണ്. അതാണ് സത്യം. ജനനത്തെ അടിസ്ഥാനമാക്കിയുള്ള ജാതിവ്യവസ്ഥ ഹിന്ദുത്വത്തിന്റെ മുഖമുദ്രയല്ല. നമ്മള് മുസ്ലീം വിരുദ്ധരാണെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ ആർഎസ്എസിന്റെ പ്രവർത്തനങ്ങള്‍ സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘സൂര്യൻ കിഴക്ക് ഉദിക്കുന്നു. ഇത് എന്നുമുതലാണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. അതിന് ഭരണഘടനയുടെ അംഗീകാരം ആവശ്യമുണ്ടോ? ഇന്ത്യയെ മാതൃരാജ്യമായി കരുതുന്നവർ ഇന്ത്യൻ സംസ്കാരത്തെ വിലമതിക്കുന്നു. ഇന്ത്യൻ പൂർവ്വികരുടെ മഹത്വത്തില്‍ വിശ്വസിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരാള്‍ ഹിന്ദുസ്ഥാനില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരിക്കുമെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.