വർക്കല നഗരസഭ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിജ്ഞാവാചകം ചൊല്ലിയതിന് ശേഷം ജയ്ഹിന്ദ് എന്നു പറഞ്ഞ എൽഡിഎഫ് കൗൺസിലർ പൊട്ടിച്ചിരിച്ചു. കുരയ്ക്കണ്ണി വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു വന്ന അഖില ജി എസ് ആണ് സത്യപ്രതിജ്ഞ ചടങ്ങിനിടെ പൊട്ടിച്ചിരിച്ചു കൊണ്ട് വേദിയിലിരുന്ന എആർഒ ധന്യയെ കെട്ടിപ്പിടിച്ചത്.

എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചു വന്ന താൻ അറിയാതെ ജയ്ഹിന്ദ് എന്ന് പറഞ്ഞു പോയതാണെന്നാണ് കൗൺസിലർ വ്യക്തമാക്കിയത്. എന്നാൽ കൗൺസിലർ ജയ്ഹിന്ദ് എന്ന് പറഞ്ഞത് അറിയാതെ പറഞ്ഞു പോയതാണെന്നും, അതിൽ പ്രത്യേകിച്ച് പാർട്ടി നടപടിയൊന്നുമെടുക്കില്ലായെന്നും സിപിഎം വർക്കല ഏരിയ സെകട്ടറി എം കെ യൂസഫ് വ്യക്തമാക്കി. രാജ്യ സ്നേഹമുള്ള ആർക്കും ജയ്ഹിന്ദ് എന്ന് പറയാമെന്നും അതിൽ തെറ്റില്ലെന്നും മറ്റുളള എൽഡിഎഫ് പ്രവർത്തകർ കൗൺസിലർ അഖിലയെ ആശ്വസിപ്പിച്ചു.
വർക്കലയിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ബിജെപി, എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം വിളി നടത്തി ആഹ്ലാദപ്രകടനം നടത്തിയപ്പോൾ ഭരണത്തിലെ നിർണായകരായ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ചു ജയിച്ച കൗൺസിലർമാർ വേദിയിൽ നിന്ന് ജയിച്ചു വന്ന കൗൺസിലർമാർക്ക് അഭിവാദ്യമർപ്പിച്ചതും കൗതുക കാഴ്ചയായി. തുടർന്ന് നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ഗീതാ ഹേമചന്ദ്രന്റെ നേതൃത്വത്തിൽ ആദ്യ കൗൺസിൽ യോഗം ചേർന്നു.