കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്ക് പിന്നാലെ തനിക്ക് നേരെ വധഭീഷണിയും ആസിഡ് ആക്രമണ ഭീഷണിയും ഉണ്ടായതായി ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. ദിലീപിനെതിരെ സംസാരിക്കുന്നത് തുടർന്നാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഫോണിലൂടെ ഒരാൾ ഭീഷണിപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തൽ. ഫോൺ നമ്പർ സഹിതം ഉടൻ തന്നെ പോലീസിൽ പരാതി നൽകുമെന്ന് അവർ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നതിന് പിന്നാലെ, അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നാരോപിച്ച് ഭാഗ്യലക്ഷ്മി ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിലുള്ള പ്രകോപനമാണ് ഭീഷണിക്ക് പിന്നിലെന്നാണ് സൂചന. കേട്ടാലറയ്ക്കുന്ന അസഭ്യവർഷമാണ് വിളിച്ചയാൾ നടത്തിയതെന്നും അവർ പറഞ്ഞു.