ന്യൂ ഡൽഹി: പാർലമെന്റിലെ തൊഴിലുറപ്പ് ഭേദഗതി ബിൽ അവതരണത്തിനിടെയുള്ള രാഹുൽ ഗാന്ധിയുടെ ജർമൻ സന്ദർശനത്തിൽ വിമർശനവുമായി രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ്. രാജ്യത്തിന് ഒരു മുഴുവൻ സമയ പ്രതിപക്ഷ നേതാവിനെ വേണമെന്നും ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ പരിഗണിക്കുമ്പോൾ രാഹുൽഗാന്ധി ബിഎംഡബ്ള്യൂ ബൈക്ക് ഓടിക്കുകയായിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു.

ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ വരുമ്പോൾ പ്രതിപക്ഷനേതാവ് എവിടെ എന്ന് ചോദിച്ച ബ്രിട്ടാസ് രാഹുൽഗാന്ധിയുടെ അഭാവത്തിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർക്കും അതൃപ്തിയുണ്ട് എന്നും ആരോപിച്ചു. ശൈത്യകാല സമ്മേളനത്തിൻ്റെ കലണ്ടർ രാഹുലിന് നേരത്തേ അറിയാവുന്നതല്ലേ എന്നും ബിജെപി കുടിലതന്ത്രങ്ങൾ നടപ്പാക്കും എന്ന് അറിയാവുന്നതല്ലേ എന്നും ബ്രിട്ടാസ് ചോദിച്ചു. ബില്ല് പാർലമെൻ്റിൽ പരിഗണിക്കുമ്പോൾ രാഹുൽഗാന്ധി ബിഎംഡബ്ള്യൂ ബൈക്ക് ഓടിക്കുകയാണ്. ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാൽ പോരെ? ബിഎംഡബ്ള്യൂ കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ,പൂട്ടിപ്പോകില്ലല്ലോ എന്നും ബ്രിട്ടാസ് ചോദിച്ചു.