Kerala

ലഷ്‌കറെ ത്വയ്ബ ആസൂത്രണം ചെയ്ത ആക്രമണം ടിആര്‍എഫ് വഴി നടപ്പാക്കി:പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു

ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കറെ ത്വയ്ബ (LeT), അതിന്റെ പോഷക സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (TRF) എന്നീ ഭീകര സംഘടനകള്‍ ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലഷ്‌കറെ ത്വയ്ബ ആസൂത്രണം ചെയ്ത ആക്രമണം ടിആര്‍എഫ് വഴി നടപ്പാക്കിയെന്നാണ് ഇതില്‍ പറയുന്നത്. ഏപ്രില്‍ 22-നാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്.

ലഷ്‌കറെ ത്വയ്ബയുടെ പ്രധാന കമാന്‍ഡറായ സാജിദ് ജാട്ടിനാണ് പഹല്‍ഗാം ആക്രമണത്തിന്റെ പ്രധാന ചുമതലയുണ്ടായിരുന്നത്. 1,597 പേജുള്ള കുറ്റപത്രത്തില്‍ ഇയാളുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജൂലായില്‍ ശ്രീനഗറിന് സമീപം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പാകിസ്താന്‍ ഭീകരരായ സുലൈമാന്‍ ഷാ, ഹബീബ് താഹിര്‍ (ജിബ്രാന്‍ എന്നും അറിയപ്പെടുന്നു), ഹംസ അഫ്ഗാനി എന്നിവരെയും എന്‍.ഐ.എ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിട്ടുണ്ട്.

ഇന്ത്യക്കെതിരെ നിരന്തരം ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന പാകിസ്താനിലേക്കാണ് കേസിന്റെ ഗൂഢാലോചന നീളുന്നതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.കൂടാതെ, പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്നാരോപിച്ച് ജൂണ്‍ 22-ന് എന്‍ഐഎ അറസ്റ്റ് ചെയ്ത പര്‍വേസ് അഹമ്മദ്, ബഷീര്‍ അഹമ്മദ് എന്നിവരെയും സംശയനിഴലിലാണെന്ന് ചൂണ്ടിക്കാട്ടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top